ഓള് ന്യൂ ട്രയംഫ് ട്രൈഡന്റ് 660 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എക്സ് ഷോറൂം വില 6.95 ലക്ഷം രൂപയാണ്. രാജ്യത്തെ എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയെന്നാണ് സൂചന. ഉടൻ തന്നെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16,000 കിലോമീറ്റര്‍ സര്‍വീസ് ഇടവേള, രണ്ടുവര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ മൈലേജ് വാറന്റി എന്നിവയോടെയാണ് ട്രയംഫ് ട്രൈഡന്റ് 660 വരുന്നത്.
ട്രയംഫ് മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും താങ്ങാവുന്ന മോഡല്‍ കൂടിയാണ് ഇത്. ട്രൈഡന്റ് 660 ട്രയംഫിന്റെ ട്രിപ്പിള്‍ സിലിണ്ടര്‍ എന്ജിന് ഉപയോഗിക്കുന്ന റോഡ്സ്റ്റര്‍ ബൈക്കുകളിലെ പുതിയ എന്‍ട്രി ലെവല്‍ മോഡലാണ്. ത്രസിപ്പിക്കുന്ന പെര്‍ഫോമന്‍സ്, എളുപ്പത്തിലുള്ള സവാരി,കൃത്യമായ ഹാന്‍ഡ്ലിംഗ് എന്നിവ ലഭിക്കുംവിധമാണ് ട്രയംഫ് ട്രൈഡന്റ് 660 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം യുകെ ഹിങ്ക്ലിയിലെ ട്രയംഫ് ആസ്ഥാനത്തെ പ്രത്യേക സംഘമാണ് പുതിയ ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്.
ട്രയംഫ് ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്ന് 660 സിസി, ഇന്‍ലൈന്‍ 3 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. ഈ എൻജിൻ 10,250 ആര്‍പിഎമ്മില്‍ 80 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്സ് ഘടിപ്പിച്ചു. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് ലഭിക്കുന്നു. മുന്നില്‍ 41 എംഎം ‘ഷോവ’ അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ‘ഷോവ’ മോണോഷോക്കും സസ്പെന്ഷന് നിര്‍വഹിക്കും. ട്രയംഫ് ട്രൈഡന്റ് 660 ഓടുന്നത് 17 ഇഞ്ച് വ്യാസമുള്ള കാസ്റ്റ് അലുമിനിയം ചക്രങ്ങളിലാണ്.






