ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ F19 ശ്രേണിയിൽ പുത്തൻ ഫോൺ അവതരിപ്പിച്ചു. F19 പ്രോ, F19 പ്രോ പ്ലസ് സ്മാർട്ട്ഫോണുകൾ കഴിഞ്ഞ മാസം ആണ് വിപണിയിലെത്തിയത്. ഈ ഫോണുകളുടെ ചെറിയ പതിപ്പ് F19 ആണ് ഒപ്പോ പുതുതായി വില്പനക്കെത്തിച്ചിരിക്കുന്നത്. ഒപ്പോ കഴിഞ്ഞ വർഷം അവതരിപ്പിച്ച F17 സ്മാർട്ട്ഫോണിന്റെ പിൻഗാമിയാണ് ഒപ്പോ F19.
പ്രിസം ബ്ലാക്ക്, മിഡ്നെറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ F19 ലഭ്യമാണ്. 6 ജിബി റാമും + 128 ജിബി സ്റ്റോറേജുമുള്ള ഒപ്പോ F19-ന് 18,990 രൂപയാണ് വില. ഒപ്പോ F19-ന്റെ ആദ്യ വില്പന ഈ മാസം 9നാണ് ആരംഭിക്കുക. ലോഞ്ചിന്റെ ഭാഗമായി വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഒപ്പോ F19 വാങ്ങുമ്പോൾ 7.5 ശതമാനം ക്യാഷ്ബാക്ക് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 20:9 ആസ്പെക്ട് റേഷ്യോയും 90.8 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിന്.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ കളർ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഒപ്പോ F19 പ്രവർത്തിക്കുന്നത്. അഡ്രിനോ 610 ജിപിയു, 6 ജിബി റാം എന്നിവയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC പ്രോസസ്സർ ആണ് ഫോണിന്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ F19-ന്. മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ആണ് ഒപ്പോ F19-ന്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഓപ്പോ F19ന്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നതാണ് ട്രിപ്പിൾ റിയർ കാമറ. ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.






