സൂപ്പർ ബൈക്കായ സുസുക്കി ഹയാബൂസ ഏപ്രിലില് വിപണിയിലെത്തുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2021 ഹയാബൂസയെ സുസുക്കി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. എന്നാൽ, ജാപ്പനീസ് കമ്പനി സൂപ്പർ ബൈക്കിന്റെ കൃത്യമായ അവതരണ തീയതി പുറത്തുവിട്ടിട്ടില്ല. പുതിയ ഹയാബൂസ സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിലെ "ബിഗ് ബൈക്കുകൾ" വിഭാഗത്തിൽ കാണാം. വി-സ്ട്രോം 650 XT മോഡലിന് തൊട്ടടുത്തായി ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.
വില നിർണയത്തെ സംബന്ധിച്ചിടത്തോളം 2021 സുസുക്കി ഹയാബൂസ 17 ലക്ഷം മുതൽ 20 ലക്ഷം രൂപ വില പരിധിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ‘ബൂസ'യുടെ വിശദാംശങ്ങളൊന്നും വെബ്സൈറ്റിൽ അപ്ലോഡുചെയ്തിട്ടില്ല. ഏറ്റവും പുതിയ മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന 1340 സിസി ഇൻ-ലൈൻ 4 സിലിണ്ടർ എഞ്ചിനാണ് പുതിയ സുസുക്കി ഹയാബൂസയുടെ കരുത്ത്. ഈ എൻജിൻ 9700 rpm-ൽ പരമാവധി 187 bhp കരുത്തും 7000 rpm-ൽ 150 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ഒന്നിലധികം റൈഡിംഗ് മോഡുകൾ, പവർ മോഡ് സെലക്ടർ, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവയെല്ലാം 2021 മോഡലിലെ ഇലക്ട്രോണിക്സ് പാക്കേജിൽ ലഭിക്കും. പുതുക്കിയ ഹെഡ്ലാമ്പ്, പുതിയ ഡ്യുവൽ-ടെയ്ലാമ്പ്, ഡ്യുവൽ എക്സ്ഹോസ്റ്റ്, റിയർ സീറ്റ് കൗൾ എന്നിവയും ബൈക്കിൽ ഉൾപ്പെടുന്നു.ലോഞ്ച് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം എന്നിവയ്ക്കൊപ്പം 6-ആക്സിസ് ഐഎംയു, കോർണറിംഗ് എബിഎസ് തുടങ്ങിയ ഫീച്ചറുകളും 2021 സുസുക്കി ഹയാബൂസയിൽ ലഭിച്ചേക്കും.






