
കോഴിക്കോട്: പാനൂരിലെ ലീഗ് പ്രവര്ത്തകന് മന്‍സൂരിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കുറ്റക്കാരെ രക്ഷിക്കാനാകരുതെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാര്‍ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം കേസിലുണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പല കേസുകളിലും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ മന്‍സൂര്‍ കൊലക്കേസ് അന്വേഷിണത്തില്‍ നിന്ന് ജില്ലാ ക്രൈബ്രാഞ്ച് സംഘത്തെ ഒഴിവാക്കി സംസ്ഥാന ക്രൈബ്രാഞ്ചിന് അന്വേഷണ ചുമത നല്‍കിയിരുന്നു.
ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം. ഐജി ഗോപേഷ് അഗര്‍വാളിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമനാവും കേസ് അന്വേഷിക്കുക. അന്വേഷണ ചുമതലയിലുള്ള ഡിവൈഎസ്പി കെ. ഇസ്മായില്‍ സിപിഎം ചായ്വുള്ള വ്യക്തിയാണെന്ന യുഡിഎഫ് ആരോപണത്തിനു പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റുന്നത്. കേസിലെ രണ്ടാം പ്രതി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. ഇതിലും യുഡിഎഫ് ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ രണ്ടാം പ്രതി രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നതോടെ ആത്മഹത്യയില്‍ ദുരൂഹതയേറുകയാണ്.






