
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമത ബാനര്‍ജിയെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ക്രമസമാധാനം തകര്‍ക്കുന്നതും, അതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ പ്രചാരണ വേദിയില്‍ നടത്തിയതിനാണ് വിലക്ക്. തിങ്കളാഴ്ച രാത്രി 8 മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ഉത്തരവ്.
ഏപ്രില്‍ 7, 8 തീയതികളില്‍ നടന്ന വോട്ടെടുപ്പ് റാലികളില്‍ മമത ബാനര്‍ജിയുടെ പ്രസ്താവനകളെ അപലപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് മാതൃകാ പെരുമാറ്റച്ചട്ടം നടക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ പരസ്യമായി ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉപദേശിച്ചു. ബംഗാളിലെ കൂച്ച് ബീഹാറില്‍ ശനിയാഴ്ച വോട്ടെടുപ്പിനിടെയുണ്ടാ അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേര് വെടിയേറ്റ് മരിച്ചിരുന്നു. കേന്ദ്രസേന നടത്തിയത് വംശഹത്യയാണന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലാണ് ബംഗാളില്‍ പരക്കെ അക്രമണമുണ്ടായത്.






