
'മനസ്'എന്ന ആശയം ഇന്നും കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. 'മനസ് എന്നാല്‍ എന്ത്?' എന്ന ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരം ബുദ്ധിമുട്ട് തന്നെയാണ്. പക്ഷെ 'മാനസികാരോഗ്യം' എന്നതിന് വ്യക്തമായ നിര്‍വചനം ലോകാരോഗ്യസംഘടന നല്‍കിയിട്ടുണ്ട്. 'ജീവിതത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടാനും, അങ്ങനെ കഴിവിന്റെയും സാഹചര്യങ്ങളുടെയും പൂര്‍ണസാധ്യതകള്‍ തിരിച്ചറിയാനും, അതുവഴി തന്റെ മേഖലകളില്‍ ഫലവത്തായി പ്രവര്‍ത്തിക്കുവാനും അതിലൂടെ കുടുംബത്തിനും സമൂഹത്തിനും മികച്ച സംഭാവനകള്‍ നല്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന അവസ്ഥയെയാണ് മാനസികാരോഗ്യം എന്ന് പറയുന്നത്.'
മാനസികരോഗവും മാനസികാരോഗ്യവും
'മാനസികരോഗം' എന്ന പ്രയോഗം സൈക്യാട്രി ശാസ്ത്രശാഖയില്‍ ഉപയോഗിക്കാറില്ല. മനസ് എന്നാല്‍ എന്ത് എന്ന് നിര്‍വചനം പോലും സാധ്യമല്ലാതിരിക്കെ മനസിന് രോഗം എന്ന് പറയുന്നതില്‍ അര്‍ഥമില്ല എന്നത് തന്നെ അതിനൊരു കാരണം.
മനസ് എന്നാല്‍ എന്തെന്ന് പറയാന്‍ ബുദ്ധിമുട്ടാണെങ്കിലും മനസിന്റെ പ്രവര്‍ത്തനം നമുക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്നതാണ്. വികാരം, ചിന്ത, പ്രവൃത്തി എന്നിവയാണ് മനസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ലഘുവായി പറയാം. ഇവയില്‍ ഏതെങ്കലും ഒന്നിന് തകരാര്‍ സംഭവിക്കുന്ന സാഹചര്യത്തിലാണ് മാനസികാരോഗ്യ പ്രശ്നം ഉള്ളതായി പറയുന്നത്.
ഈ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും നിയന്ത്രിക്കപ്പെടുന്നത് തലച്ചോറിന്റെ വിവിധ മേഖലകള്‍ ആണെന്നതും അവയെ സ്വാധീനിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാമാണെന്നതും എല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതായത് ശരീരത്തിന്റെ ഭാഗമായ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ തന്നെയാണ് ഇവ. ചുരുക്കി പറഞ്ഞാല്‍ ഇവയും ശാരീരികരോഗങ്ങള്‍ തന്നെ. മാനസികരോഗം എന്ന പദത്തിന് സ്ഥാനം ഇല്ല എന്നതിന്റെ പ്രധാന കാരണവും
ഇതാണ്. അതുകൊണ്ട് തന്നെ മാനസികരോഗത്തിനെയല്ല, മറിച്ച് മാനസികാരോഗ്യത്തിനു തകരാര്‍ സംഭവിക്കുന്ന അവസ്ഥകളെയാണ് സൈക്യാട്രിയുടെ കീഴില്‍ ചികിത്സിക്കപ്പെടുന്നത് എന്ന് ആദ്യം തിരിച്ചറിയണം.
മാനസികാരോഗ്യം തകരാറിലാകുമ്പോള്‍
മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗലക്ഷണങ്ങളുടെ തിരിച്ചറിവ് എന്നത്. മനസിന്റെ പ്രവര്‍ത്തനങ്ങളില്‍ (വികാരം, ചിന്ത, പ്രവൃത്തി) വരുന്ന ഏറ്റക്കുറച്ചിലുകള്‍ ആണ് മാനസികാരോഗ്യത്തിനു തകരാര്‍ സംഭവിച്ചിരിക്കുന്നു എന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍. സങ്കീര്‍ണം എന്ന് തോന്നിക്കുന്ന പല രോഗങ്ങളുടെ പേരുകളും കേട്ടേക്കാം. എങ്കിലും അവയില്‍ ഓരോന്നിലും ഉണ്ടാകുന്ന അടിസ്ഥാനപരമായ മാറ്റം എന്നത് ഈ പറഞ്ഞ ഏതെങ്കിലും ഒന്നില്‍ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ആണ്.
എങ്ങനെ തിരിച്ചറിയാം
സൈക്യാട്രി എന്നാല്‍ സാധാരണക്കാര്‍ക്ക് മനസിലാവാത്ത കാര്യങ്ങള്‍ ആണെന്നൊരു ധാരണയുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ രീതിയില്‍ നോക്കിയാല്‍ അത് വളരെ നിസാരം ആണെന്ന് മനസിലാകും. ആളെ കുഴപ്പിക്കുന്ന രോഗങ്ങളുടെ പേരുകള്‍ തല്കാലം മാറ്റിവച്ചിട്ട്, മനസിന്റെ മൂന്ന് പ്രവര്‍ത്തനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ എന്ന് മാത്രം കണക്കാക്കിയാല്‍ ആ ലക്ഷണങ്ങള്‍ വളരെ എളുപ്പത്തിലും നേരത്തെയും തിരിച്ചറിയാം.
ചികിത്സ തേണ്ടേതെപ്പോള്
സാധാരണയായുള്ള സ്വഭാവ സവിശേഷതകളില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ ആണ് മാനസികാരോഗ്യം തകരാറിലായതിന്റെ ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ 'ഇതൊന്നും വലിയ കാര്യമല്ല, പതുക്കെ മാറിക്കോളും' എന്ന രീതിയില്‍ പലപ്പോഴും ഈ ലക്ഷണങ്ങള്‍ നിസാരവത്കരിക്കപ്പെടുകയാണ് പതിവ്. അപ്പോള്‍ പിന്നെ ഇതിനെ ഗൗരവമായി കാണേണ്ടത് എപ്പോഴാണ്? അത് മാനസികാരോഗ്യത്തിന്റെ നിര്‍വചനം ഒന്നുകൂടി നോക്കിയാല്‍ മനസിലാകും. ഈ പ്രവര്‍ത്തനങ്ങളിലെ വ്യത്യാസങ്ങള്‍ നമുടെ ദൈനംദിന ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമ്പോഴാണ് അതിനെ ഗൗരവമായി കാണേണ്ടത്.
ഉദാഹരണമായി ഉത്കണ്ഠ അല്ലെങ്കില്‍ ഭയം എന്നീ വികാരങ്ങള്‍ സാധാരണമാണ്.
എന്നാല്‍ അതിന്റെ തീവ്രത വര്‍ധിച്ച് ഉത്കണ്ഠയോ ഭയമോ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി ജോലിക്ക് പോലും പോകാന്‍ കഴിയാത്ത ഒരു ഘട്ടം വന്നാല്‍ അവിടെ ആ വ്യക്തിയുടെ മാനസികാരോഗ്യം ബാധിക്കപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കേണ്ടിവരും. ആവശ്യമെങ്കില്‍ ചികിത്സയും തേടണം.
ഫലപ്രദമായ ചികിത്സകള്‍
മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയില്ല എന്ന് പണ്ട് കാലം മുതല്‍ക്കെ ഉള്ള വിശ്വാസം നിര്‍ഭാഗ്യവശാല്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഇന്നും തുടര്‍ന്ന് പോരുന്നുണ്ട്. എന്നാല്‍ ഫലപ്രദമായ മരുന്നുകളും മറ്റു ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്. ഈ രോഗങ്ങളില്‍ തലച്ചോറിലും അവിടെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളിലും ഉള്ള മാറ്റങ്ങള്‍ കൃത്യമായി പഠനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്.
ശരീരത്തിനുള്ളില്‍ തന്നെയുള്ള മാറ്റങ്ങള്‍ കൊണ്ടുള്ള രോഗം ആയതിനാല്‍ അത് പോലെയുള്ള മറ്റു രോഗങ്ങള്‍ (പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ) പോലെ മരുന്നുകള്‍ കുറച്ച് കാലത്തേക്ക് തുടര്‍ന്ന് കഴിക്കേണ്ടി വരാം. എന്നാല്‍ സാധാരണ ജീവിതത്തെ തടസപ്പെടുത്തുന്ന തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ആരംഭഘട്ടങ്ങളില്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ കൗണ്‍സലിങ്ങ് എന്ന് വിളിക്കപ്പെടുന്ന സൈക്കോതെറാപ്പി മാത്രം കൊണ്ടും ലക്ഷണങ്ങള്‍ ഭേദമാവാനുള്ള സാധ്യതകളും ഉണ്ട്.
അപൂര്‍വം രോഗങ്ങളില്‍ മരുന്നുകള്‍ ഫലിക്കാതെ വരുന്ന അവസ്ഥയിലോ തീവ്രമായ ആത്മഹത്യാ പ്രവണതയുള്ള രോഗികളിലോ ഷോക്ക് ട്രീറ്റ്മെന്റ് എന്നൊക്കെ അറിയപ്പെടുന്ന ഇലക്ട്രോകണ്‍വള്‍സീവ് (ഇസിടി) ഉപയോഗിക്കാം. എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉള്ള ധാരണകള്‍ക്ക് വിപരീതമായി ഇതിനു പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല എന്ന് മാത്രമല്ല ഇത് വളരെ ഫലപ്രദവും ആണ്.
ചികിത്സ വൈകരുത്
ലക്ഷണങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മ രോഗനിര്‍ണയം വൈകിക്കാന്‍ കാരണമായേക്കാം. സൈക്യാട്രി ഡോക്ടറെ കാണാനുള്ള മടി കൊണ്ടും ചിലര്‍ ചികിത്സ തേടാന്‍ വൈകിയേക്കാം. ലഹരി വസ്തുക്കളോടുള്ള ആസക്തിയും ഒരു രോഗാവസ്ഥ ആണെന്ന തിരിച്ചറിവ് പലര്‍ക്കും ഇല്ലാത്തതിനാല്‍ അതിനും ചികിത്സ തേടുവാന്‍ ആളുകള്‍ വളരെ വൈകാറുണ്ട്.
സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വരുമ്പോഴുള്ള സാമ്പത്തിക ചെലവ് ഭയന്നും പലരും മരുന്നില്ലാതെ തന്നെ മാറുമോ എന്ന ശ്രമിച്ച് നോക്കാറുണ്ട്. പക്ഷേ, എത്രയും പെട്ടെന്ന് ചികിത്സ ആരംഭിച്ചാല്‍ വ്യക്തിയുടെ കാര്യശേഷി നഷ്ടപ്പെടാതെ തന്നെ രോഗലക്ഷണങ്ങള്‍ ഭേദമാവുകയും അദ്ദേഹിന് ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും. അങ്ങനെ നോക്കുമ്പോള്‍ ദീര്‍ഘകാലം കൊണ്ട് അവരുടെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാനും ഇത് സഹായിക്കും. രോഗം മൂര്‍ഛിച്ചാല്‍ മറ്റുള്ളവര്‍ക്കും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കുവാനും രോഗം കൊണ്ട് വ്യക്തിക്ക് ഉണ്ടാകാവുന്ന മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ തടയാനും നേരത്തെ ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്. ആരംഭഘട്ടങ്ങളില്‍ വേണ്ടി വരുന്ന മരുന്നുകളുടെ ഡോസ് രോഗം മൂര്‍ഛിച്ച അവസ്ഥയില്‍ വേണ്ടി വരുന്നതിനേക്കാള്‍ കുറവും ആയിരിക്കും.
രോഗത്തിന്റെ തീവ്രത അനുസരിച്ച് സൈക്കോതെറാപ്പി പോലുള്ള ചികിത്സാരീതികളും ഉപയോഗിക്കാവുന്നതാണ്. രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍തന്നെ ചികിത്സ തേടുകയാണെങ്കില്‍ ഒരു പക്ഷെ മരുന്നുകള്‍ ഇല്ലാതെ സൈക്കോതെറാപ്പി സെഷന്‍സ് കൊണ്ട് മാത്രവും ലക്ഷണങ്ങള്‍ ഭേദമാവാനുള്ള സാധ്യതകളും ഉണ്ട്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ നേരത്തെതിരിച്ചറിയുന്നതും നേരത്തെ തന്നെ ചികിത്സ തേടേണ്ടതും വളരെ പ്രധാനമാണ്.
മാനസികാരോഗ്യപ്രശ്നങ്ങള്‍ ഭയപ്പാട് വേണ്ട
ഉത്കണ്ഠരോഗങ്ങള്‍, വിഷാദരോഗം തുടങ്ങിയ അവസ്ഥകള്‍ നമ്മള് പണ്ട് കരുതിയിരുന്നതിനെക്കാള്‍ വ്യാപകം ആണെന്നാണ് പഠനങ്ങളും കണക്കുകളും തെളിയിക്കുന്നത്. ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തില്‍ മാനസികാരോഗ്യം ബാധിക്കപ്പെട്ടവര്‍ ആണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നു. 40 ശതമാനം ഇന്ത്യക്കാര്‍ക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദരോഗം എന്ന അവസ്ഥയിലൂടെ കടന്നു പോകാം. എന്നാല്‍ ഇവരില്‍ 50 ശതമാനം ആളുകള്‍ മാത്രമേ ചികിത്സ തേടിയെത്തുന്നുള്ളൂ എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ജീവിതനിലവാരം തകര്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യപ്രശ്നം ആണ് വിഷാദരോഗം എന്നതും ചികിത്സ ലഭിക്കാതെ രോഗം മൂര്‍ഛിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ അനുദിനം വര്‍ധിച്ചു വരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. എളുപ്പത്തില്‍ കണ്ടെത്താനാവുന്ന രോഗലക്ഷണങ്ങള്‍ ആയിട്ടും ഫലപ്രദമായ ചികിത്സകള്‍ ലഭ്യമായിട്ടും ഈ സാഹചര്യം നിലനില്ക്കുന്നു എന്നത് അപകടകരമാണ്. ഈ പ്രവണത നമ്മള് തിരുത്തേണ്ടതാണ്.
ഒരു സൈക്യാട്രിസ്റ്റിനെ കാണുക എന്നത് മറ്റേതൊരു ഡോക്ടറെ കാണുന്നത് പോലെ തന്നെയേ ഉള്ളൂ എന്ന വസ്തുത നമ്മള് ഓരോരുത്തരും മനസില്‍ ഉള്‍ക്കൊള്ളുക. മേല്പറഞ്ഞ തരത്തിലുള്ള ഒരു അസ്വസ്ഥത നമുക്കോ നമുക്ക് വേണ്ടപ്പെട്ടര്ക്കോ കണ്ടെത്തിയാല്‍ ഒരു മടിയോ ഭയമോ കൂടാതെ ചികിത്സ തേടാനുള്ള ഒരു മനസ്ഥിതിയിലേക്ക് നമ്മള് എത്തേണ്ടതുണ്ട്.
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍
1. സൈക്യാട്രി രോഗങ്ങളും ശരീരത്തിന്റെ അപാകതകള്‍ കൊണ്ടാണ് ഉണ്ടാകുന്നത്.
2. വികാരം, ചിന്ത, പ്രവൃത്തി എന്നീ മനസ്സിന്റെ 3 പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ മാനസികാരോഗ്യം ബാധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാം.
3. സംസാരിച്ചാലോ സമയം കൊടുത്താലോ മാറുന്നതല്ല രോഗങ്ങള്‍.
4. ആശങ്കപ്പെടെണ്ടതില്ലെങ്കില് പോലും ഒരു വിദഗ്ധാഭിപ്രായം തേടുന്നതില്‍ തെറ്റില്ല.
5. സൈക്യാട്രി രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ്.
6. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ തുടരേണ്ടത് അത്യാവശ്യം ആണ്.
7. നേരത്തെ കണ്ടെത്തിയാല്‍ കൂടുതല്‍ മെച്ചപ്പെട്ട പുരോഗതി ലഭിക്കും.
8. സൈക്യാട്രി പ്രശ്നങ്ങള്‍ നമ്മള് കരുതുന്നതിനെക്കാള്‍ വ്യാപകം ആണ്.
9. ജീവിതത്തെ ബാധിക്കുന്നുണ്ട് എന്ന് തോന്നിയാല്‍ വളരെ വേഗം ചികിത്സ തേടുക.
റിസര്‍ച്ച് ഡസ്ക്
ആരോഗ്യമംഗളം