ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ റിയൽമി നാർസോ 30 പ്രോ 5ജി, റിയൽമി X50 പ്രോ 5ജി, റിയൽമി X7 പ്രോ 5ജി, റിയൽമി X7 5ജി എന്നിവയാണ് നിലവിൽ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യയിൽ പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോണുകൾ. പുതിയ റിപ്പോർട്ട് പ്രകാരം അഞ്ചാമതൊരു 5ജി ഫോൺ ലോഞ്ചിന് തയ്യാറെടുക്കുകയാണ് റിയൽമി. കാരണം ഫ്ലിപ്പ്കാർട്ടിൽ പുത്തൻ 5ജി ഫോണിന്റെ വരവ് വ്യക്തമാക്കി ഒരു ബാനർ വന്നിട്ടുണ്ട്.
ഈ സ്മാർട്ട്ഫോൺ മീഡിയടെക് ഡിമെൻസിറ്റി 700 5ജി ചിപ്സെറ്റാണ് ഉപയോഗിക്കുക എന്നും ബാനറിൽ പറയുന്നു. സൂചനകൾ വിരൽ ചൂണ്ടുന്നത് റിയൽമി 8 5ജി സ്മാർട്ട്ഫോണിലേക്കാണ്. ഈ 5ജി ചിപ്സെറ്റ് വിപണിയിലെത്തിയത് ദിവസങ്ങൾക്ക് മുൻപാണ്. ഈ ചിപ്സെറ്റ് ഉപയോഗിച്ച വിപണിയിലെത്തുന്ന ആദ്യ ഫോൺ തങ്ങളുടേതാവും എന്ന് റിയൽമി അവകാശപ്പെടുന്നു. ഈ ഫോൺ ഏപ്രിൽ 22-നാണ് വിപണിയിലെത്തുക എന്നും സൂചനയുണ്ട്.
റിയൽമി 8-ന്റെ 5ജി പതിപ്പിന് 8 ജിബി റാം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. റിയൽമി 8 5ജി ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. ഫുൾ-എച്ഡി+ (1,080x2,400 പിക്സൽ) ഡിസ്പ്ലേ ആയിരിക്കും ഫോണിന്. ഗൂഗിൾ പ്ലേയ് കൺസോൾ ലിസ്റ്റിംഗ്സിൽ ഈ ഫോണിൽ മീഡിയടെക് ഡിമെൻസിറ്റി 800 SoC ആയിരിക്കും പ്രോസസ്സർ എന്ന് പറയുന്നുണ്ട്. എന്നാൽ, ടിപ്പ്സ്റ്റർമാർ നൽകുന്ന സൂചന അനുസരിച്ച് ലോഞ്ചിന് തയ്യാറാകുന്ന മോഡലിന് മീഡിയടെക് ഡിമെൻസിറ്റി 700 5ജി ചിപ്സെറ്റായിരിക്കും.






