
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മന്മോഹന് സിങ്. വാക്സിനേഷന് വിതരണം ഉള്‍പ്പെടെ അഞ്ച് നിര്‍ദ്ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ആദ്യം വേണ്ടത് വാക്സിനേഷന് വര്‍ദ്ധിപ്പിക്കുക എന്നതാണ്. എത്രപേരിലേക്ക് എത്തിക്കണമെന്ന് തീരുമാനിക്കുന്നോ അത്രയും വാക്സിന് ലഭ്യത രാജ്യത്ത് ഉറപ്പു വരുത്തുക. അതിനായി ഓര്ഡറുകളുകള് മുന്‍കൂട്ടി നിര്‍മ്മാതാക്കള്‍ക്ക് നല്‍കുക. വാക്സിന് വിതരണം സുതാര്യമായി നടത്തുകയും, അടിയന്തിര ആവശ്യത്തിനായി ഉപയോഗിക്കാന്‍ കേന്ദ്രം പത്ത് ശതമാനം മാറ്റിവയ്ക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.
എത്രത്തോളം വാക്സിന് സംസ്ഥാനങ്ങളിലെത്തുന്നുവെന്ന് കാര്യത്തില്‍ കേന്ദ്രം സൂചന നല്‍കണം. എന്നാല്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് ആസുത്രണങ്ങള്‍ നടത്താന്‍ സാധിക്കു. കോവിഡിനെതിരെ മുന്‍നിര പോരാളികള്‍ക്ക് വാക്സിന് നടത്തുന്നതില്‍ പ്രായപരിധി നിര്‍ണയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനാകണം. ഇങ്ങനെ വന്നാല്‍ 45 വയസ് പ്രായപരിധി നോക്കാതെ വാക്സിന് നല്കാന് കഴിയും.
വാക്സിന് നിര്‍മ്മാതക്കളെ സര്‍ക്കാര്‍ പിന്തുണയ്ക്കണം.ഫണ്ടുകലും ഇളവുകളും നല്‍കണം. നിര്‍മ്മാണം വ്യാപിപ്പിക്കാനും സഹകരിക്കണം. ആഭ്യന്തര വാക്സിനുകളുടെ കാര്യത്തില്‍ പരിമിതികളുള്ളതിനാല്‍ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അനുമതി ലഭിച്ച വാക്സിനുകളും ഇറക്കുമതി ചെയ്യണമെന്നും മന്മോഹന് സിങ് ആവശ്യപ്പെടുന്നു.






