നിസാന്റെ മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി ഇന്ത്യന്‍ നിരത്തുകളില്‍ വലിയ സ്വീകാര്യത ലഭിച്ച വാഹനമാണ്. ഈ വാഹനം ബുക്കിങ്ങിലും വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. അഞ്ച് മാസം പിന്നിട്ടതോടെ 50,000 ബുക്കിങ്ങുകളാണ് മഗ്നൈറ്റിന് ലഭിച്ചിട്ടുള്ളതെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. 2020 ഡിസംബര്‍ രണ്ടിനാണ് നിസാന്‍ മാഗ്നൈറ്റ് അവതരിപ്പിച്ചത്. ബുക്കിങ്ങുകളില്‍ ഇതുവരെ ലഭിച്ച 5000 എണ്ണം നിസാന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭിച്ചതാണ്. 45,000 ബുക്കിങ്ങും ആളുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി ബുക്ക് ചെയ്തതാണെന്നാണ് റിപ്പോർട്ട്.
നിസാന്‍ ഇതിനോടകം മാഗ്നൈറ്റിന്റെ 10.000 യൂണിറ്റാണ് ഡെലിവറി ചെയ്തിട്ടുള്ളത്. ലഭിച്ചിട്ടുള്ള ബുക്കിങ്ങുകളുടെ 60 ശതമാനവും ഉയര്‍ന്ന വേരിയന്റുകളായ XV, XV പ്രീമിയം പതിപ്പുകള്‍ക്കാണ്. സി.വി.ടി. മോഡലാണ് ഇതില്‍ 15 ശതമാനം ആളുകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. നിസാന്‍ കിക്ക്സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്നൈറ്റ്. 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്.
മാഗ്നൈറ്റിന് കരുത്തേകുന്നത് 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുക. രണ്ട് എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകളും മാഗ്നൈറ്റില്‍ സ്റ്റാന്റേഡായി ഒരുക്കിയിട്ടുണ്ട്.






