ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതി ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹന ഉപഭോക്താക്കള്‍ക്കും ചാര്‍ജിംഗ് സൗകര്യം ലഭ്യമാക്കാനാണ് സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഒല ഇലക്ട്രിക് ശ്രമിക്കുന്നത്. വരും മാസങ്ങളിലായി വിപണിയിലെത്താന്‍ പോകുന്ന ഒല സ്കൂട്ടര്‍ മുതല്‍ ആരംഭിക്കുന്ന തങ്ങളുടെ ഇരുചക്രവാഹന ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഒല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് അവതരിപ്പിച്ചു.
ഒല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് ലോകത്തിലെ ഏറ്റവും വിപുലവും പ്രാപ്യതയുള്ളതുമായ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖലയായിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. റിപ്പോർട്ട് പ്രകാരം 400 നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും. ആദ്യ വര്‍ഷം മാത്രം ഇന്ത്യയിലെ 100 നഗരങ്ങളിലായി 5,000 ചാര്‍ജിംഗ് പോയിന്റുകള്‍ ഓല സ്ഥാപിക്കുന്നു. ഇത് രാജ്യത്ത് നിലവിലുള്ള ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഇരട്ടിയിലധികം വരുമെന്നാണ് സൂചന.
ഇന്ത്യയില്‍, ഇരുചക്ര വാഹന നിര്‍മാതാക്കളായ ആതര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവയുമായി നേരിട്ടുള്ള മത്സരത്തിലാണ് ഒല ഇലക്ട്രിക്. “ ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നവരുടെ ഉപയോക്തൃ അനുഭവത്തെ ഞങ്ങള്‍ പുതുക്കുകയാണ്. ഇതിന്റെ പ്രധാന ഭാഗമാണ് സമഗ്രമായ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ പദ്ധതികള്‍. ലോകത്തിലെ ഏറ്റവും വിപുലമായ 2-വീലര്‍ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുന്നതിലൂടെ, ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ഉയരും, “ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.






