
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നീല നിറത്തിലുള്ള കൊഞ്ചിന്റെ ചിത്രങ്ങളാണ്. സാധാരണ കാണുന്ന കൊഞ്ചിനെക്കാള് വളരെ വ്യത്യസ്തമാണ് ഇതെന്ന് പറയാം. ഇംഗ്ലണ്ടിലെ പെന്‍സാന്‍സില്‍ കടലില്‍ മീന്‍ പിടിച്ചു കൊണ്ടിരുന്ന ടോം ലാംബേണ് എന്ന വ്യക്തിക്കാണ് നീല കൊഞ്ചിനെ കിട്ടിയത്. ഈ കൊഞ്ചിന് ഒരടിയോളം നീളമുണ്ടായിരുന്നത്.
കൊഞ്ചിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ടോം അതിനെ കടലിലേക്കു തിരികെ വിട്ടു. കൊഞ്ചിന്റെ ചിത്രങ്ങള്‍ ടോം ലാംബേണ് നാഷണല്‍ ലോബ്സ്റ്റര്‍ ഹാച്ചറിക്ക് അയച്ചു കൊടുത്തിരുന്നു. 20 ലക്ഷത്തില്‍ ഒരെണ്ണത്തിന് മാത്രമാണ് ഈ അപൂര്‍വ നിറം ഉണ്ടാവുകയെന്ന് നാഷണല്‍ ലോബ്സ്റ്റര്‍ ഹാച്ചറിയുടെ വക്താവ് വ്യക്തമാക്കി. ഇതാദ്യമായാണ് കടലില്‍ നിന്നും അപൂര്‍വമായ ഒരു ജീവിയെ തനിക്ക് ലഭിക്കുന്നത് എന്ന് ടോം വ്യക്തമാക്കി. കൊഞ്ചുകളെ പിടിക്കുന്നതിന് നിശ്ചിത വലുപ്പം വേണം എന്നാണ് കോണ്‍വാളിലെ നിയമം. എന്നാല്‍ തനിക്ക് ലഭിച്ച കൊഞ്ചിന് നിയമപ്രകാരമുള്ള വലുപ്പം എത്തിയിട്ടില്ലാത്തതിനാലാണ് തിരികെ കടലിലേക്കു വിട്ടത്.
നീല കൊഞ്ചുകളെ കണ്ടെത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ജനിതകപരമായ തകരാര്‍ മൂലമാണ് കൊഞ്ചുകള്‍ക്ക് നീല നിറം ലഭിക്കുന്നതെന്ന് കണക്റ്റിക്കട്ട് സര്‍വകലാശാലയിലെ പ്രൊഫസറായ റൊണാള്‍ഡ് ക്രിസ്റ്റന്‍സെന്‍ 2005ല്‍ കണ്ടെത്തിയിരുന്നു. നീല കൊഞ്ചുകളെ കണ്ടെത്തുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് പലരുടെയും വിശ്വാസം.






