
കോവിഡിന്റെയും കറുത്ത വര്ഗ്ഗക്കാര്ക്കെതിരേയുള്ള പീഡനത്തിനെതിരേ ഉയര്‍ന്ന പ്രതിഷേധവും നിറഞ്ഞു നിന്ന ഓസ്ക്കര്‍ പുരസ്ക്കാര വേദിയില്‍ ചരിത്രം കുറിച്ച് ഏഷ്യന്‍ വംശജയും ചൈനീസ് സംവിധായികയുമായ ക്ളോയി ഷാവോ. മികച്ച സംവിധായികയ്ക്ക് പുറമേ അവരുടെ നോമാന്‍ഡ് ലാന്റ് മികച്ച ചിത്രത്തിനും മികച്ച നടിയ്ക്കുമുള്ള ഓസ്ക്കര്‍ പുരസ്ക്കാരം നേടി. ദി ഫാദര്‍ എന്ന സിനിമയിലെ പ്രകടനത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനും നോമാഡ് ലാന്റിലെ വിധവയെ അവതരിപ്പിച്ച് ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
നോമാന്‍ഡ് ലാന്റ് മൂന്ന് സുപ്രധാന പുരസ്ക്കാരങ്ങള്‍ നേടിയപ്പോള്‍ മാന്‍കും സൗണ്ട് ഓഫ് മെറ്റലും ആനിമേഷന്‍ സിനിമ സോളും ഇരട്ട പുരസ്ക്കാരങ്ങള്‍ നേടി. അമേരിക്കയില്‍ ഉള്‍പ്പെടെ കറുത്തവര്‍ഗ്ഗക്കാര്‍ വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന കാലത്ത് വംശീയതയ്ക്ക് എതിരേ വലിയ ശബ്ദമുയര്ത്തപ്പെട്ട വേദിയായിട്ടും കോവിഡില്‍ പോരാട്ടം നടത്തിയവര്‍ക്ക് ആദരമായിട്ടുമാണ് ഇത്തവണ പുരസ്ക്കാരവേള നിറഞ്ഞു നിന്നത്.
പുരസ്ക്കാര ജേതാക്കളുടെ നന്ദിപ്രകാശിപ്പിക്കലിലും സിനിമയുടെ തെരഞ്ഞെടുപ്പിലുമെല്ലാം വംശീയതയ്ക്ക് എതിരേയുള്ള പ്രതിഷേധം ഉയര്‍ന്നു നിന്നു. നോമാഡ് ലാന്റ് ഒരുക്കി മികച്ച സംവിധായികയായി മാറിയ ചൈനക്കാരി ക്ളോയി ഷാവോ ഓസ്ക്കര്‍ ചരിത്രത്തില്‍ സ്വന്തം പേരെഴുതി. ഡിമന്‍ഷ്യ ബാധിച്ച പിതാവിനെ അവതരിപ്പിച്ച ആന്റണി ഹോപ്കിന്‍സ് 83 ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി. മികച്ച നടിയായി ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് നേടി. നോമാഡ് ലാന്റിലെ വിധവയുടെ വേഷം അവതരിപ്പിച്ചതിനായിരുന്നു ഓസ്ക്കര്‍.
മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്ക്കാരം നേടിയ നോമാഡ് ലാന്റ് ക്ളോയി ഷാവോയെ ഏഷ്യയില്‍ നിന്നും സംവിധാനത്തിന് ഓസ്ക്കര്‍ നേടുന്ന ആദ്യ വനിതയാക്കി. ഓസ്ക്കര്‍ ചരിത്രത്തില്‍ തന്നെ സംവിധാനത്തിന് പുരസ്ക്കാരം നേടുന്ന രണ്ടാമത്തെ വനിതാ സംവിധായികയാണ് ക്ളോയി. വിഖ്യാത സംവിധായകന് ജയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയും 2008 ല്‍ പുറത്തിറങ്ങിയ ഹര്‍ട്ട് ലോക്കര്‍ സിനിമയുടെ സംവിധായികയുമായ കാതറീന് ബിഗലോയാണ് ഓസ്ക്കര്‍ ജേത്രികളായ വനിതാ സംവിധായകരില്‍ ക്ളോയി ഷാവോയുടെ മുന്‍ഗാമി.
ജൂദാസ് ആന്റ ദി ബ്ലാക്ക് മെസിഹയിലെ പ്രകടനത്തിന് ബ്രിട്ടീഷ് നടന് ദാനിയേല്‍ കലൂയയാണ് മികച്ച സഹനടനുള്ള പുരസ്ക്കാരം നേടിയത്. ബ്ലാക്ക് പാന്ഥര്‍ പാര്‍ട്ടി നേതാവ് ഫ്രെഡ് ഹാംപ്ടണിനെയായിരുന്നു കലൂയ അവതരിപ്പിച്ചത്. മികച്ച സഹനടി മിനാരിയിലെ മുത്തശ്ശിയെ അവതരിപ്പിച്ച ദക്ഷിണ കൊറിയന്‍ നടി യുന്‍ യോ ജുംഗ് നേടി.
ക്രിസ്റ്റഫര്‍ നോളന്റെ ഇന്ത്യയില്‍ ഉള്‍പ്പെടെ ചിത്രീകരണം നടന്ന ആക്ഷന്‍ ചിത്രം ടെനറ്റിനായിരുന്നു വിഷ്വല്‍ എഫക്ട്സിന്റെ പുരസ്ക്കാരം. ആന്‍ഡ്രൂ ജാക്സണ്, ഡേവിഡ് ലീ, ആന്‍ഡ്രൂ ലോക്ക്ലി, സ്ക്കോട്ട് ഫിഷര്‍ എന്നിവരായിരുന്നു വിഷ്വല്‍ എഫക്റ്റ് ഒരുക്കിയത്. പശ്ചാത്തല സംഗീതത്തിന് ആനിമേഷന്‍ സിനിമ സോള്‍ നേടി. ജോണ്‍ ബാറ്റിസ്റ്റേ, ട്രെന്റ് റെസ്നോര്, ആട്ടിക്കസ് റോസ് എന്നിവരായിരുന്നു പശ്ചാത്തല സംഗീതം ഒരുക്കിയത്. മികച്ച ഗാനത്തിനുമുള്ള പുരസ്ക്കാരം ജൂദാസ് ആന്റ് ദി ബഌക്ക് മെസിഹയിലെ ‘ഫൈറ്റ് ഫോര്‍ യൂ’ സ്വന്തമാക്കി.
1940 കളിലെ തിരക്കഥാകൃത്ത് ഹെര്‍മന്‍ ജെ മന്കിവിക്സിന്റെ ജീവിതം പറയുന്ന ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത മാന്‍ക് 10 നോമിനേഷനുകള്‍ നേടിയിരുന്നെങ്കിലും രണ്ടു പുരസ്ക്കാരം നേടി. ഛായാഗ്രഹണത്തിനും പ്രൊഡക്ഷന്‍ ഡിസൈനും. ക്യാമറാമാനായി എറിക് മെസ്സേര്ഷ്മിഡ്റ്റ് മാന്കിലൂടെ നേട്ടമുണ്ടാക്കി. പഴയ കാല ഹോളിവുഡ് ജീവിതം പറഞ്ഞ സിനിമയില്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ കാഴ്ചകള്‍ ഒരുക്കിയതിനാണ് പുരസ്ക്കാരം. മികച്ച എഡിറ്റിംഗ് സൗണ്ട് ഓഫ് മെറ്റലിലൂടെ മൈക്കല്‍ ഇ ജി നീല്‍സണ്‍ നേടി. കേള്‍വി നഷ്ടപ്പെടുന്ന ഒരു ഡ്രമ്മറുടെ ജീവിതത്തിന്റെ രണ്ടു വശങ്ങള് ഒരുക്കിയ ചിത്ര സംയോജനമാണ് നീല്‍സണെ പുരസ്ക്കാര നിറവില്‍ എത്തിയത്.
മികച്ച ഡോക്യൂമെന്ററി ഷോര്‍ട്ട് സബ്ജറ്റ് ആയി ആന്റണി ഗിയാഷിനോയും ആലിസ് ഡോയാര്ഡും ചേര്‍ന്ന് ഒരുക്കിയ കൊളെറ്റ് തെരഞ്ഞെടത്തു. നാസികളുടെ പിടിയില്‍ മരണപ്പെട്ട സഹോദരനെ തേടി പോകുന്ന ഫ്രാന്‍സുകാരി കോളറ്റ് മരീന്‍ കാതറീന്റെ യാത്രയാണ് ഡോക്യുമെന്ററി പറയുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദത്തെക്കുറിച്ചും സഹജീവികളെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലായ മൈ ഒക്ടോപസ് ടീച്ചര്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം സോള്‍ സ്വന്തമാക്കി. ഇഫ് എനിതിംഗ് ഹാപ്പന്റ് ഐ ലവ് യൂ മികച്ച ആനിമേഷന്‍ ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. വില്‍ മക് കോര്മാക്കും മൈക്ക് ഗോവിയറും ചേര്‍ന്നായിരുന്നു സംവിധാനം.
മികച്ച ലൈവ് ആന്റ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ടു ഡിസ്റ്റന്റ് സ്ട്രെയിഞ്ചേഴ്സിന് ലഭിച്ചു. സംവിധായകരില്‍ ഒരാളായ ട്രാവന് ഫ്രീയാണ് പുരസ്ക്കാരം വാങ്ങാന്‍ എത്തിയത്. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേയുള്ള പോരാട്ടത്തിനെതിരേ ശബ്ദമുയര്‍ത്താനും ട്രാവണ്‍ ഫ്രീ മടിച്ചില്ല. ശബ്ദലേഖനത്തിനുള്ള പുരസ്്ക്കാരം സൗണ്ട് ഓഫ് മെറ്റല്‍ നേടി. കേഴ്വി പോകുന്ന ഡ്രമ്മറുടെ കഥ പറയുന്ന സിനിമയിലെ ഡ്രംസ് ബീറ്റുകള്‍ ഒരുക്കിയ നിക്കോളാസ് ബെക്കര്‍, ജെയ്മി ബക്സത്ത്, േൈക്കല് കൗട്ടോലെങ്ക്, കാര്‍ലോസ് കോര്‍ട്ടസ്, ഫിലിപ്പ് ബ്ലാഥ് എന്നിവരാണ് ശബ്ദമൊരുക്കിയത്.
മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള പുരസ്ക്കാരം മാ റെയ്നി ബ്ലാക്ക് ബോട്ടത്തിലെ മിയാനീല്, സെര്‍ജിയോ ലോപ്പസ് റിവേറ, ജാമികാ വില്‍സണ്‍ എന്നിവര്‍ സ്വന്തമാക്കി. ഈ വിഭാഗത്തില്‍ പുരസ്ക്കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരാണ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയത് ഡെന്മാര്ക്ക് സിനിമയായ അനദര്‍ റൗണ്ടായിരുന്നു. തോമസ് വിന്റര്‍ ആണ് സംവിധായകന്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം പ്രോമിസിംഗ് യംഗ് വുമണിന് എമറാള്‍ഡ് ഫെന്നെല്‍ കരസ്ഥമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ദി ഫാദറിലൂടെ ഫ്ളോറിന് സെല്ലറും ക്രിസ്റ്റഫര്‍ ഹാംടണും സ്വന്തമാക്കി.
ഡോള്‍ബി തീയറ്ററില്‍ കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു താരനിശ. അതിഥികള്‍ക്ക് പരിശോധനകളും മറ്റും നടത്തുകയും സാമൂഹ്യ അകലം നില നിര്‍ത്തി സീറ്റുകളിട്ടും പ്രത്യേകമായിട്ടാണ് വേദി ഒരുക്കിയത്. ഓസ്ക്കര്‍ അക്കാദമി ആദരം അര്‍പ്പിച്ച വിട്ടു പോയ കലാകരന്മാരില് നടന് ഇര്ഫാന് ഖാനും വസ്ത്രാലങ്കാരത്തിന് ആദ്യമായി ഇന്ത്യയില്‍ അക്കാദമി അവാര്‍ഡ് എത്തിച്ച ഭാനു അത്തയയും ഉണ്ടായിരുന്നു.






