
കോട്ടയം : കേരളത്തില്‍ നടക്കുന്ന കേവിഡ് കൂട്ടപരിശോധനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വോട്ട് മുഴുവന്‍ പെട്ടിയിലായ ശേഷമാണ് സര്‍ക്കാര്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്. അതോടെയാണ് ഇവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണന്ന വിവരം ഭരണനേതൃത്വം അറിഞ്ഞതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
വാക്സിനേഷന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത് നിലപാട് വ്യക്തതയില്ലാത്തതാണ്. ബജറ്റില്‍ പണമുണ്ടെന്ന് ധനമന്ത്രി മോമസ് ഐസക്ക് പറയുമ്പോള്‍ അതിന് വിരുദ്ധമായി വാക്സിന് സൗജന്യമായി നല്കാന് പ്രത്യേക പണം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതില്‍ കേന്ദ്രവും കേരളവും അമ്മയിക്കളിയാണ് നടത്തുന്നതെന്നും തിരുവഞ്ചൂര്‍ ആക്ഷേപമുന്നയിച്ചു. സര്‍ക്കാരിന് വേണ്ടത്ര വിശ്വാസ്യതയില്ല. ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം എന്തിന് ചെലവാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ലെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. സംഭാവന വാങ്ങിയാല്‍ മാത്രംപോര, അതിന് കൃത്യമായി കണക്ക് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രഷറിയില്‍ ഇപ്പോള്‍ ക്യാഷ് ബാലന്‍സ് അഥവാ മിച്ചം 3000 കോടി രൂപയാണ്. ആവശ്യമായ വാക്സിന് റെഡ്ഡി ക്യാഷ് നല്കി വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ പക്കലുണ്ട് എന്ന് തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്സിന് ചലഞ്ച് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് ധനമന്ത്രി ഇത്തരമൊരു വിശദീകരണം നടത്തിയത്. കഴിഞ്ഞ തവണത്തെപ്പോലെ അഭ്യര്‍ഥന നടത്താതെ ആളുകള്‍ സഹായ ഹസ്തവുമായി വന്നതാണ് വാക്സിന് ചലഞ്ചിന്റെ പ്രത്യേകത. വാക്സിന് പ്രഖ്യാപിച്ചത് സര്‍ക്കാരല്ല മറിച്ച് ജനങ്ങളാണെന്നും ധനമന്ത്രി പറഞ്ഞു.






