മാർച്ച് മാസം നാലാം തിയതിയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് 9 ശ്രേണിയുടെ പിൻഗാമിയായി റെഡ്മി നോട്ട് 10 ഇന്ത്യയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10 ശ്രേണിയിൽ റെഡ്മി നോട്ട് 10 എന്ന അടിസ്ഥാന മോഡൽ, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ചു ഇതിൽ റെഡ്മി നോട്ട് 10ന്റെ വില ഷവോമി കൂട്ടി.
4 ജിബി റാം + 64 ജിബി പതിപ്പിന് 11,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപ എന്നിങ്ങനെയായിരുന്നു റെഡ്മി നോട്ട് 10ന്റെ ലോഞ്ച് വില. ഇരു പതിപ്പുകൾക്കും ഇപ്പോൾ 500 രൂപ കൂടി. വില കൂട്ടിയതോടെ 4 ജിബി റാം പതിപ്പിന് 12,499 രൂപയും 6 ജിബി റാം പതിപ്പിന് 14,499 രൂപയുമാണ് വില. റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് മോഡലുകളുടെ വില അതേസമയം ഷവോമി വർദ്ധിപ്പിച്ചിട്ടില്ല. അടിസ്ഥാന റെഡ്മി നോട്ട് 10 അക്വാ ഗ്രീൻ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12 ഓപ്പറെറ്റിംഗ് സിസ്റ്റത്തിൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. 20:9 ആസ്പെക്ട് റേഷ്യോ, 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ്, 1100 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10-ന്. ഈ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷണവുമുണ്ട്. അഡ്രിനോ 612 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 678 SoC പ്രോസസ്സർ ആണ് റെഡ്മി നോട്ട് 10-ന്റെ കരുത്ത്.
33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. അടിസ്ഥാന റെഡ്മി നോട്ട് 10-ൽ 48 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 582 സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്ന ക്വാഡ് ക്യാമറയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 128 ജിബി വരെയുള്ള യുഎഫ്എസ് 2.2 സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെയായി വർദ്ധിപ്പിക്കാം.






