
ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (LCV) സൂപ്പര്‍ ക്യാരി പരിഷ്കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ് (RPAS) സംവിധാനം ഉപയോഗിച്ചാണ് പുതിയ നവീകണം നല്‍കിയിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഒരു റെഗുലേറ്ററി ഫയലിംഗ് പ്രകാരം സുസുക്കി സൂപ്പര്‍ ക്യാരി മിനി ട്രക്കിന്റെ എല്ലാ വകഭേദങ്ങളിലും സുരക്ഷാ സവിശേഷത ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി വാഗ്ദാനം ചെയ്യുന്നു.
അടുത്തിടെ ഈക്കോയുടെ കാര്‍ഗോ വേരിയന്റിനും കമ്പനി ഈ സവിശേഷത നല്കി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ നവീകരണം നൽകിയതോടെ സൂപ്പര്‍ ക്യാരിക്ക് 18,000 രൂപ വരെ വില വര്‍ദ്ധനവ് വരുത്തിയതായി മാരുതി സുസുക്കി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2021 മോഡലിന് ഇപ്പോള്‍ 4.48 ലക്ഷം മുതല്‍ 5.46 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില എന്നാണ് സൂചന. പുതിയ വിലകള്‍ ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചു.
ഈ ഫീച്ചര്‍ സൂപ്പര്‍ ക്യാരിയുടെ എല്ലാം വേരിയന്റുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. കൂടാതെ ബിഎസ് VI എഞ്ചിന് ലഭിക്കുന്ന ആദ്യത്തെ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ കൂടിയാണ് സൂപ്പര്‍ ക്യാരി. പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലാണ് മിനി ട്രക്ക് മാരുതി വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. 5 ലിറ്റര്‍ പെട്രോള്‍ ടാങ്കുള്ള ഇരട്ട ഇന്ധന S-സിഎന്‍ജി വേരിയന്റും ലഭിക്കുന്നു. മാരുതി സുസുക്കി സൂപ്പര്‍ ക്യാരിക്ക് 2,183 മില്ലീമീറ്റര്‍ നീളവും 1,488 മില്ലീമീറ്റര്‍ വീതിയുമുള്ള ഡെക്ക് ഏരിയയും 740 കിലോഗ്രാം പേലോഡ് ശേഷിയുമായാണ് ഉള്ളത്. സൂപ്പര്‍ ക്യാരി 175 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നു.






