
തിരുവനന്തപുരം: കേരളചരിത്രത്തില്‍ തുടര്‍ഭരണത്തിന്റെ അദ്ധ്യായം എഴുതിച്ചേര്‍ത്ത് എല്‍ഡിഎഫ് വന്‍ വിജയവുമായി മുമ്പോട്ട് പോകുമ്പോള്‍ യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള സ്ഥാനങ്ങളില്‍ വരാനിരിക്കുന്നത് മാറ്റങ്ങള്‍. വന്‍ തോല്‍വി ഏറ്റുവാങ്ങിയ സ്ഥിതിയില്‍ സീനിയര്‍ നേതാക്കള്‍ തോല്‍വിയുടെ ഭാരമേറ്റെടുത്ത് പിന്നിലേക്ക് മാറിയാല്‍ നേതൃത്വം വി.ഡി. സതീശന് അടക്കമുള്ള യുവത ഏറ്റെടുത്തേക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനം ഒഴിയാന്‍ സാഹചര്യം ഉണ്ടായാല്‍ വി.ഡി. സതീശനെയാകും യുഡിഎഫ് പരിഗണിക്കുക.
നിലവിലെ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് വിജയിക്കാനായില്ല എന്ന് സൂചിപ്പിക്കുന്നതാണ് നിലവിലെ ഫലങ്ങള്‍. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന അനേകം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശിന് കഴിഞ്ഞിരുന്നെങ്കിലും അത് നേട്ടമാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. 2016 ല്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവാകയിരുന്ന ഉമ്മന്‍ചാണ്ടി അതേറ്റെടുത്തായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനം രാജി വെച്ചത്. സമാന രീതിയില്‍ വലിയൊരു തിരിച്ചടിയുടെ ബാദ്ധ്യതയുടെ പാപഭാരം ഇത്തവണ രമേശ് ചെന്നിത്തലയ്ക്കും നേരിടേണ്ടി വരും.
സ്വന്തം മണ്ഡലം വരുന്ന ജില്ലയില്‍ പോലും രമേശിന് സ്വാധീനം ഉണ്ടാക്കാനായില്ല എന്നത് ചര്‍ച്ചാവിഷയമാണ്. ആലപ്പുഴ ജില്ലയില്‍ രമേശ് മത്സരിച്ച ഹരിപ്പാട് 10,000 വോട്ടുകള്‍ക്ക് അദ്ദേഹം മുന്നിലാണെന്നത് ഒഴിച്ചാല്‍ ബാക്കിയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുകയായിരുന്നു. സ്വന്തം ജില്ലയില്‍ പോലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് രമേശിന് തിരിച്ചടിയാകും.
രമേശ് മാറിയാല്‍ പിന്നീട് ഉയര്‍ന്നുവരുന്ന പ്രധാന പേര് ഉമ്മന്‍ചാണ്ടിയുടേതാണ്. എന്നാല്‍ ദശകങ്ങളായി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കും വ്യക്തമായ മേല്‍ക്കോയ്മ നേടാനായില്ല. 8000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടേയും ജയം. കോട്ടയം ജില്ലയില്‍ അഞ്ചിടത്ത് എല്‍ഡിഎഫിന്റെ മേല്‍ക്കോയ്മ അംഗീകരിക്കേണ്ടി വന്നപ്പോള്‍ നാലിടത്തായിരുന്നു യുഡിഎഫിന്റെ നേട്ടം. ഇന്ത്യയില്‍ തന്നെ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെങ്കിലും ഭരണം കിട്ടാതെ നിലനില്പ്പില്ലെന്ന തിരിച്ചറിവിലാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മന്‍ചാണ്ടിക്കു കൂടി ദേശീയ നേതൃത്വം ചുമതല നല്‍കിയത്. എന്നാല്‍ പിണറായിയുടെ പ്രഭാവം മറികടക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞില്ല.
രമേശിന്റെ നേതൃത്വത്തില്‍ ഇത്തവണ യുഡിഎഫ് മത്സരിച്ചപ്പോള്‍ 2016 നേക്കാള്‍ യുഡിഎഫിന്റെ നില മോശമാകുകയായിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന അനേകം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലൂം നേട്ടമാക്കി മാറ്റാന്‍ രമേശിനും യുഡിഎഫിനും കഴിഞ്ഞില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശിന് കീഴില്‍ മത്സരിച്ച ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരത്തേയും ഉണ്ടായതാണ്. ഇതോടെ അന്ന് തന്നെ രമേശിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളില്‍ രക്ഷപ്പെട്ട് നില നില്‍ക്കുകയായിരുന്നു. എന്നിരുന്നാലും പാര്‍ട്ടിയേയും മുന്നണിയേയും വിജയിപ്പിക്കാനുള്ള രമേശിന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
കാര്യമായ കോട്ടമില്ലാതെ മുസ്ലീംലീഗ് തങ്ങളുടെ സീറ്റുകളില്‍ വിജയം നേടിയിട്ടുണ്ടെങ്കിലൂം മുന്നണി മര്യദകള്‍ പാലിക്കുമ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് തന്നെ എത്താനാണ് സാധ്യത. രമേശ് ചെന്നിത്തല സ്ഥാനമൊഴിയുകയും ഉമ്മന്‍ചാണ്ടിയെ നേതൃത്വം പരിഗണിക്കാതെ പോകുകയും ചെയ്താല്‍ പിന്നെ പ്രായവും പരിചയസമ്പത്തും മികവുമെല്ലാം കണക്കിലെടുത്താല്‍ പ്രതിപക്ഷത്ത് നിന്നും നേതൃസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള പേര്് വി.ഡി. സതീശന്റേതാകും.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി തലപ്പത്തും മാറ്റം സംഭവിച്ചേക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായ കെ. സുധാകരനിലേക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം എത്തിയാല്‍ അത്ഭുതപ്പെടാനില്ല. തെരഞ്ഞെടുപ്പ് തോല്‍വിയോടെ കെ. സുധാകരന് വഴി എളുപ്പമാകുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നിലവിലെ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് സീറ്റ് നല്കി പാര്‍ട്ടി നേതൃത്വം സുധാകരന് കൈമാറാന്‍ നീക്കം ഉണ്ടായിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് മുല്ലപ്പള്ളിയും തെറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മുല്ലപ്പള്ളി മാറിയാല്‍ സുധാകരനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുക.






