
ന്യൂഡല്‍ഹി: വിജയലഹരിയില്‍ എന്‍എസ്എസിനുമേല്‍ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
സുകുമാരന്‍ നായരടക്കം ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഒരു ഹിന്ദുവെന്ന നിലയില്‍ ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ കടകംപള്ളിയുടേയും മറ്റ് നേതാക്കളുടേയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിന്റെ തെളിവാണ് എന്‍എസ്എസിന് മേലുള്ള ആക്രമണമെന്നും മുരളീധരന് വ്യക്തമാക്കി.
സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടത് വിജയമെന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം. തീവ്ര മുസ്ലീം ജിഹാദി സംഘടനകളുടെ രാഷ്ട്രീയ സാമ്പത്തിക പിന്തുണയില്‍ നേടിയ വിജയം സിപിഎമ്മിനെ ലഹരിപിടിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസികള്‍ക്കും ആചാരങ്ങള്‍ക്കും മേല്‍ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണ് സുകുമാരന്‍ നായരുടെ മേല്‍ നടത്തുന്നത്. ഇത് തുറന്നു പറയുന്ന തന്നെ വര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നത് കോണ്‍ഗ്രസായിരിക്കുമെന്ന് അറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലങ്ങളായി പാലുകൊടുത്ത കയ്യില്‍ ചിലര്‍ കടിച്ചതാണ് കേരളത്തിലെ ദയനീയ പരാജയത്തിനു കാരണമെന്ന് കോണ്‍ഗ്രസും തിരിച്ചറിയണം. ഇനിയെങ്കിലും മുസ്ലീം സഹോദരങ്ങളെ വോട്ടുബാങ്കായി മാത്രം കാണുന്ന വിഷലിപ്ത രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തയ്യാറാവണമെന്നും മുരളീധരന് പറഞ്ഞു.






