ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മിഡ-സൈസ് എസ്.യു.വി. വാഹനമായ കുഷാക്കിന്റെ വില ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡ. ഈ വാഹനത്തിന്റെ ബുക്കിങ്ങും ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചേക്കുമെന്ന് സ്കോഡ ഇന്ത്യയുടെ മേധാവിയായ സാക്ക് ഹോളിസ് അറിയിച്ചു. വാഹനം ജൂലൈ മാസത്തോടെ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
അടുത്തിടെ വിദേശ രാജ്യത്ത് സ്കോഡ അവതരിപ്പിച്ച ഫാബിയ എന്ന ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യയിലേക്ക് പരിഗണിക്കുന്നുണ്ടോയെന്ന ഉപയോക്താവിന് മറുപടി നല്‍കുന്നതിനിടെയാണ് സാക്ക് ഹോളിസ് കുഷാക്കിന്റെ വരവ് അറിയിച്ചത്. എന്നാൽ, ഫാബിയ ഇന്ത്യയിലേക്ക് എത്തിയേക്കില്ലെന്നാണ് അറിയുന്നത്. ജൂലൈയില്‍ കുഷാക്ക് ഇന്ത്യയിൽ എത്തിയേക്കുമെന്നും ഡിസംബര്‍ മാസത്തോടെ ഒരു ഹാച്ച്ബാക്കും പരിഗണിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്കോഡ കുഷാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് മാര്‍ച്ച് 18-നാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്.
സ്കോഡ കുഷാഖിന്റെ മൊത്തത്തിലുള്ള ഗ്രൗണ്ട് ക്ലിയറൻസ് 188 mm ആണ്, വീൽബേസ് 2651 mm ആണ്. അതിന്റെ എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് 190 mm ഗ്രൗണ്ട് ക്ലിയറൻസും 2,610 mm വീൽബേസും ലഭിക്കുന്നു. കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, കാർബൺ സ്റ്റീൽ, ഹണി ഓറഞ്ച്, ടൊർണാഡോ റെഡ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ എസ്യുവി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ജനുവരിയിലാണ് സ്കോഡ പുതിയ എസ്യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. ആദ്യം തീരുമാനിച്ചിരുന്നത് കോസ്മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ്, എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് സ്കോഡ തീരുമാനിച്ചു. സംസ്കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം, അർഥം രാജാവ്, ചക്രവർത്തി എന്നൊക്കെ.






