
തിരുവനന്തപുരം: സിപിഎമ്മിലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കാര്യത്തില്‍ ഇന്ന് ചര്‍ച്ച ഉണ്ടാകും. ശൈലജയെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറായേക്കില്ല. കൊവിഡ്, നിപ്പ പ്രതിസന്ധികളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച ശൈലജയെ മാറ്റിനിര്‍ത്തുന്നത് ഈ സാഹചര്യത്തില്‍ ഗുണകരമാവില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. കെ.ടി. ജലീലിനെ മാറ്റിനിര്‍ത്തിയാല്‍ വി. അബ്ദുറഹ്മാനെ പരിഗണിക്കാനിടയുണ്ട്.
കഴിഞ്ഞ മന്ത്രിസഭയില്‍ സിപിഐഎമ്മിന് 13 മന്ത്രിമാരുണ്ടായിരുന്നു. സിപിഐയ്ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് നല്‍കുക. കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി, ചീഫ് വിപ്പ് എന്നിവ നല്‍കും. എന്‍സിപി, ജനതാദള്‍ എസ് പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. എല്‍ജെഡിക്ക് മന്ത്രിയില്ല. സര്‍ക്കാര്‍ രൂപികരിച്ചതിന് ശേഷം അര്‍ഹമായ പദവി നല്‍കാനാണ് തീരുമാനം. മന്ത്രിമാര്‍ ആരൊക്കെയെന്നത് പിന്നീടാവും തീരുമാനിക്കുക.
കേരള കോണ്‍ഗ്രസിന് വൈദ്യുതി വകുപ്പോ പൊതുമരാമത്ത് വകുപ്പോ നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വനം എന്‍സിപിയ്ക്കും ഗതാഗത വകുപ്പ് കെബി ഗണേഷ് കുമാറിനും നല്‍കിയേക്കും വനിതകളില്‍ വീണാ ജോര്‍ജ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. ശൈലജ മന്ത്രിയായി തുടര്‍ന്നാല്‍ വീണാ ജോര്‍ജ് സ്പീക്കറാകും. കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്, സംസ്ഥാന സെക്രട്ടറിയോറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണന്, കെ എന്‍ ബാലഗോപാല്‍ , പി രാജീവ് എന്നിവരും മന്ത്രിമാരാകും. സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിശ്ചയിച്ചാല്‍ വനിതകളില്‍ ഒരാള്‍ മന്ത്രിയാകാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ മന്ത്രിസഭയിലെ പോലെ രണ്ട് വനിതകള്‍ വേണമെന്ന് തീരുമാനിച്ചാല്‍ കാനത്തില്‍ ജമീലയ്ക്ക് സാധ്യത തെളിയും.
ഇത്തവണ കോരള കോണ്‍ഗ്രസും, എല്‍ജെഡിയും, പുതിയതായി മുന്നണിയിലെത്തി. ഇതില്‍ അഞ്ച് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. രണ്ട് മന്ത്രിസ്ഥാനത്തിന് അവര്‍ സമ്മര്‍ദ്ദം ചെലത്തുന്നുണ്ട്. വി. ശിവന്‍കുട്ടി, സജി ചെറിയാന്, വി.എന്‍ വാസവന്, എം. ബി. രാജേഷ്, പി. നന്ദകുമാര്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ക്കും സാധ്യതയുണ്ട്. മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍ എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കും. യുവജന സംഘടനാ മികവ് ഇരുവര്‍ക്കും അനുകൂല ഘടകമാണ്.






