
റെഡ്ഡിറ്റില്‍ ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഒരു കമ്പനിയുടേതായി പ്രത്യക്ഷപ്പെട്ട വിചിത്ര പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കമ്പനിയിലെ ഒരു ജോലിക്കാരന് വളരെയധികം സമയം കമ്പനിയുടെ ടോയ്ലറ്റില് ചിലവഴിയ്ക്കുന്നുവെന്നും ഈ ജീവനക്കാരനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമാണ് റെഡ്ഡിറ്റില്‍ കമ്പനി ചോദിയ്ക്കുന്നത്. മാത്രമല്ല കമ്പനി ഈ ജീവനക്കാരനെ പിരിച്ചു വിടാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ജോലിയുടെ നിലവാരത്തെക്കുറിച്ച് യാതൊരു പരാതിയുമില്ലെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്.
'' ഞങ്ങള്‍ക്ക് ഒരു ജീവനക്കാരന് ഉണ്ട്. അദ്ദേഹം ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ആളാണ്. എന്നാല്‍, ജോലിയ്ക്കെത്തിയ ഉടന്‍ തന്നെ അദ്ദേഹം അവിടുത്തെ ടോയ്ലറ്റിലേക്ക് പോവുകയും 20 മിനിട്ടോളം നേരം അവിടെ സമയം ചെലവഴിക്കുകയും ചെയ്യും. അദ്ദേഹം തിരികെ ഡെസ്കിലേക്ക് എത്തുമ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും. ഒരു പ്രവൃത്തിദിനത്തില്‍ ഇത്തരത്തില്‍ മൂന്നോ നാലോ തവണയെങ്കിലും അദ്ദേഹം ടോയ്ലറ്റില് സമയം ചെലവഴിക്കാറുണ്ട്. ഓരോ തവണയും 20 മിനിറ്റ് നേരം ടോയ്ലറ്റില് തന്നെയായിരിക്കും.
ജോലി കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പാണ് അവസാനത്തെ തവണ ടോയ്ലറ്റിലേക്ക് പോവുക. അപ്പോള്‍ ഏതാണ്ട് അര മണിക്കൂര്‍ നേരം അവിടെ ചെലവഴിക്കും. ചുരുക്കം പറഞ്ഞാല്‍ ഒരു ദിവസത്തിന്റെ ഒട്ടുമുക്കാല്‍ നേരവും അദ്ദേഹം ടോയ്ലറ്റിലാണ് സമയം ചെലവഴിക്കുന്നത്. ഓരോ ആഴ്ചയും അദ്ദേഹം നാല് ദിവസം ജോലി ചെയ്യുകയും ഒരു ദിവസം ടോയ്ലറ്റില് പോവുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം. ഞങ്ങള്‍ ഒരു ദിവസത്തെ വേതനം അദ്ദേഹത്തിന് അധികമായി നല്‍കുകയാണ് '' - റെഡ്ഡിറ്റ് പോസ്റ്റില്‍ കമ്പനി ഇങ്ങനെയാണ് കുറിച്ചിരിയ്ക്കുന്നത്.
കമ്പനിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്ത് എത്തിയത്. ആ ജീവനക്കാരന് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകാമെന്നും അതുകൊണ്ടാവാം ഒട്ടേറെ സമയം ടോയ്ലറ്റില് ചെലവഴിക്കുന്നതെന്നാണ് ഒരു വിഭാഗം പേര് പറയുന്നത്. പുകവലിക്കുന്ന ജീവനക്കാര്‍ ഇത്തരത്തില്‍ നീണ്ട ഇടവേളകള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.






