
ഓള് ന്യൂ ഫോഡ് എഫ് 150 ലൈറ്റ്നിംഗ് അനാവരണം ചെയ്തു. റിപ്പോർട്ട് പ്രകാരം ഫോഡ് ആസ്ഥാനമായ ഡിയര്‍ബോണില്‍ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിലാണ് ഫോഡ് എഫ് 150 ലൈറ്റ്നിംഗ് അവതരിപ്പിച്ചത്. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളുടെ എഫ് സീരീസിലെ ഇലക്ട്രിക് പിക്ക്അപ്പ് ട്രക്കാണ് ലൈറ്റ്നിംഗ്. ഫോഡിന്റെ ഇലക്ട്രിക് വാഹന പ്ലാന്റായി മാറ്റിയ ഡിയര്‍ബോണിലെ റൂഷ് കോംപ്ലക്സിലാണ് നിര്‍മിക്കുന്നത്.
ഫോഡ് എഫ് 150 ലൈറ്റ്നിംഗ് സ്റ്റാന്‍ഡേഡ് റേഞ്ച്, എക്സ്റ്റെന്‍ഡഡ് റേഞ്ച് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭിക്കും. ഏകദേശം 426 ബിഎച്ച്പി (318 കിലോവാട്ട്) കരുത്തും 370 കിമീ റേഞ്ചുമാണ് ആദ്യ ബാറ്ററി പാക്ക് നല്‍കുന്നത് . രണ്ടാമത്തെ ബാറ്ററി പാക്ക് 563 ബിഎച്ച്പി (420 കിലോവാട്ട്) കരുത്തും 450 കിമീ ഡ്രൈവിംഗ് റേഞ്ചുമാണ് നൽകുന്നത്. രണ്ട് വേര്‍ഷനുകളും നല്കുന്ന പരമാവധി ടോര്‍ക്ക് 1051 എൻ എം ആണ്. ഇതോടെ ഫോഡ് എഫ് 150 സീരീസിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് ലൈറ്റ്നിംഗ് നിലവിൽ. സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ വാഹനമാണ് ഇത്. ഓരോ ആക്സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ നല്കിയതിനാല് 4 വീല്‍ ഡ്രൈവ് വാഹനമാണ് ഫോഡ് എഫ് 150 ലൈറ്റ്നിംഗ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 4.4 സെക്കന്‍ഡ് മതി.
പൂര്‍ണ ഡിജിറ്റലായ ഡ്രൈവര്‍ ഡിസ്പ്ലേ, പുതുതായി 15.5 ഇഞ്ച് വെര്‍ട്ടിക്കല്‍ ഡിസ്പ്ലേ, ഒടിഎ അപ്ഡേറ്റുകള് സഹിതം സിങ്ക് 4 ഇന്റര്‍ഫേസ് എന്നിവ ഫീച്ചറുകളാണ്. പിക്ക്അപ്പ് ട്രക്ക് പലവിധത്തില്‍ ചാര്‍ജ് ചെയ്യാം. ഏറ്റവും വേഗത്തിലുള്ള ചാര്‍ജിംഗിനായി150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കാം. 44 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഫോഡ് എഫ് 150 ലൈറ്റ്നിംഗ് ഉപയോഗിച്ച് നിങ്ങളുടെ ഹെവി മഷീനുകള്‍ ചാര്‍ജ് ചെയ്യുന്നതിന് വാഹനത്തില്‍ മൂന്ന് ചാര്‍ജിംഗ് പോയന്റുകള്‍ നല്കി. റിപ്പോർട്ട് അനുസരിച്ചു നിങ്ങളുടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടാല്‍, നിങ്ങളുടെ വീടിന് മൂന്ന് ദിവസം വരെ വൈദ്യുതി നല്കാന് ഫോഡ് എഫ് 150 ലൈറ്റ്നിംഗിന് സാധിക്കും.






