
റോം: ലാലിഗയില്‍ തുടര്‍ച്ചയായി അഞ്ചു തവണ ഉള്‍പ്പെടെ എട്ടു തവണ ഒരേ ലീഗില്‍ ടോപ് സ്കോറര്‍ പദവിയുമായി ബാഴ്സിലോണയുടെ മെസ്സി അപൂര്‍വ്വ റെക്കോഡ് നേടിയപ്പോള്‍ മൂന്ന് ലീഗുകളില്‍ ടോപ് സ്കോറര്‍ പദവിയുമായി മുഖ്യഎതിരാളി ക്രിസ്ത്യാനോ റൊണാള്‍ഡോയും. ഇറ്റാലിയന്‍ ലീഗില്‍ ആദ്യമായി ടോപ് സ്കോറര്‍ പദവി നേടിയതോടെയാണ് ക്രിസ്ത്യാനോ അപൂര്‍വ്വ ട്രിപ്പിളിന് ഉടമയായത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന് പിന്നാലെ സ്പാനിഷ് ലാലിഗയിലും ടോപ് സ്കോറര്‍ പദവി നേടിയിട്ടുള്ള ക്രിസ്ത്യാനോ ഇറ്റാലിയന്‍ സീരി എ യിലും തന്റെ മികവ് തുടര്‍ന്നതാണ് പദവി തേടി വരാന്‍ കാരണമായത്.
ഇംഗ്ളണ്ട്, സ്പെയിന്, ഇറ്റലി എന്ന മൂന്ന് രാജ്യങ്ങളിലെ ടോപ് സ്കോറര്‍ പദവിയാണ് തേടി വന്നത്. സീരി എയില്‍ യുവന്റസിന് കിരീടം നേടാനായില്ലെങ്കിലും 29 ഗോളുകളാണ് ക്രിസ്ത്യാനോ ഈ സീസണില്‍ അടിച്ചു കൂട്ടിയത്. കിരീടം നേടിയ ഇന്റര്‍മിലാന്റെ ബല്‍ജിയം താരം റൊമേലു ലൂക്കാക്കുവിനെക്കാള് അഞ്ചു ഗോള്‍ കൂടുതല്‍ ക്രിസ്ത്യാനോ നേടി. പോര്‍ച്ചുഗലില്‍ നിന്നും ആദ്യമായി വിദേശസഞ്ചാരം ക്രിസ്ത്യാനോ തുടങ്ങിയത് 2008 ല്‍ ആയിരുന്നു. അലക്സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയ താരം ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ അവരെ ചാംപ്യന്മാരാക്കുകയും ടോപ് സ്കോറര്‍ പദവി സ്വന്തമാക്കുകയും ചെയ്തു. പിന്നീട് 2011 ല്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഭാഗമായ താരം അവിടെയും ടോപ് സ്കോററാകുകയും ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. 2015 ലായിരുന്നു ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ എത്തിയത്.
മൂന്ന് രാജ്യങ്ങളിലായി മൂന്ന് ടീമുകള്‍ക്ക് മൂന്ന് ലീഗുകളില്‍ ടോപ് സ്കോററാകുന്ന ആദ്യ താരമായിട്ടാണ് ഇതോടെ ക്രിസ്ത്യാനോ മാറിയത്. സീരി എയിലെ 2018 ലെ സീസണില്‍ തന്നെ 21 ഗോളുകള്‍ ക്രിസ്ത്യാനോ നേടിയിരുന്നെങ്കിലും 31 ഗോളുകളുമായി ലാസിയോയുടെ ഇമ്മോബീലിന് പിന്നില്‍ പോയി 36 ഗോളുകളാണ് അന്ന് സിറോ ഇമ്മൊബില്‍ നേടിയത്. യുവന്റസില്‍ എത്തിയ ശേഷം 101 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതേസമയം ഞായറാഴ്ച ബൊളോണയ്ക്ക് എതിരേ യുവന്റസ് 4-1 ന് ജയിച്ച മത്സരത്തില്‍ ക്രിസ്ത്യാനോയ്ക്ക് പരിശീലകന് ആന്ദ്രേ പിര്‍ലോ വിശ്രമം നല്‍കിയിരുന്നു. ചാംപ്യന്‍സ് ലീഗ് യോഗ്യതയും ക്ലബ്ബ് നേടി. 2012 ന് ശേഷം ആദ്യമായി ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാതെ പോകുമെന്ന ഘട്ടത്തില്‍ താരം ക്ലബ്ബ് വിടുമെന്ന് അഭ്യൂഹം പരന്നിരുന്നു. യുവന്റസ് ഇത്തവണ മോശം പ്രകടനമായിരുന്നു നടത്തിയത്.





