
കഴിഞ്ഞ വർഷം ജൂണിലാണ് ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ആദ്യ വിലക്കുറവുള്ള സ്മാർട്ട്ഫോണായി നോർഡിനെ അവതരിപ്പിച്ചത്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ വില്പനക്കെത്തിയ നോർഡിന് യഥാക്രമം 24,999 രൂപ, 27,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ് വിലകൾ. നോർഡ് എത്തി ഒരു വർഷം തികയുമ്പോൾ നോർഡ് 2 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വൺപ്ലസ് എന്നാണ് റിപ്പോർട്ട്.
അതേസമയം,, നോർഡ് 2-ന്റെ വരവ് വൺപ്ലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മീഡിയടെക് ഡിമെൻസിറ്റി 1200 SoC പ്രോസസ്സർ ആയിരിക്കും വൺപ്ലസ് നോർഡ് 2ന് എന്നാണ് റിപ്പോർട്ട്. ഇപ്പോൾ വിപണിയിലുള്ള നോർഡും നോർഡ് 2വും തമ്മിലുള്ള പ്രധാന മാറ്റം ഇതാണ്. അതുകൊണ്ടുതന്നെ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ SoC പ്രോസസ്സർ ഉപയോഗിക്കാത്ത ആദ്യ വൺപ്ലസ് ഫോൺ ആവും നോർഡ് 2. മാത്രമല്ല, ഈ പുതിയ പ്രോസസ്സർ ഉപയോഗിച്ച് ഇന്ത്യയിലെത്തുന്ന ആദ്യ ഫോണുകളിൽ ഒന്നാവും വൺപ്ലസ് നോർഡ് 2.
വൺപ്ലസ് നോർഡിന് 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ഡി+ (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. എന്നാൽ, വൺപ്ലസ് നോർഡ് 2-ൽ ഡിസ്പ്ലേയുടെ വലിപ്പം കൂടാൻ സാധ്യത ഇല്ല എങ്കിലും റിഫ്രഷ് റേറ്റ് 120Hz ആയി ഉയർന്നേക്കാമെന്നാണ് സൂചന. 30W വാർപ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,115mAh ബാറ്ററിയ്ക്ക് പകരം നോർഡ് 2ൽ 5000mAh ബാറ്ററി കുറഞ്ഞത് പ്രതീക്ഷിക്കാം. 64 മെഗാപിക്സൽ ക്യാമെറ ലഭിച്ചേക്കും. മെഗാപിക്സൽ സെക്കന്ററി സെൻസർ (അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്), 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ f/2.4 മാക്രോ ലെൻസ് എന്നിവ മാറ്റമില്ലാതെ തുടരും.






