
ന്യൂഡല്‍ഹി : പുതിയ ഡിജിറ്റല്‍ മീഡിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണന്നും, നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു.
'ട്വിറ്ററിന്റെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ തുരങ്കം വെയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമം. രാജ്യത്തെ നിയമങ്ങള്‍ നടപ്പാക്കാന്‍ ട്വിറ്ററും ബാധ്യസ്ഥരാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ആജ്ഞാപിക്കുന്ന നിലപാടാണ് ട്വിറ്ററിന്റേത്,' കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്ന നിയമത്തിനെതിരെ ട്വിറ്റര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കും എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു. അതേസമയം പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രങ്ങളില്‍ ആശങ്കയുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു.






