
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷഓമി റെഡ്മി നോട്ട് 10 ശ്രേണിയിലേക്ക് നോട്ട് 10 പ്രോ 5ജി അവതരിപ്പിച്ചിരിക്കുന്നു. ചൈനീസ് വിപണിയിൽ ആണ് ഇപ്പോൾ ഇത് ലഭ്യമായിരിക്കുന്നത്. മാർച്ചിൽ ഇന്ത്യൻ വിപണിയിൽ എത്തിയ റെഡ്മി നോട്ട് 10 പ്രോ ഫോണുമായി പുതിയ 5ജി പതിപ്പിന് ഏറെ മാറ്റമുണ്ട്. സ്നാപ്ഡ്രാഗൺ 732G SoC പ്രോസസ്സറും, 33W ഫാസ്റ്റ് ചാർജിങ്ങുമാണ് 4ജി ഫോൺ ആയ ഇന്ത്യയിലെ റെഡ്മി നോട്ട് 10 പ്രോയ്ക്ക് ഉള്ളത്, എന്നാൽ പുതിയ റെഡ്മി നോട്ട് 10 പ്രോ 5ജിയ്ക്ക് മീഡിയടെക് ഡിമെൻസിറ്റി 1100 SoC പ്രോസസ്സറും 67W ഫാസ്റ്റ് ചാർജിങ്ങുമുണ്ടെന്നാണ് റിപ്പോർട്ട്.
മാജിക് ഗ്രീൻ, സ്റ്റാർ യാൺ, മൂൺ സോൾ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് റെഡ്മി നോട്ട് 10 പ്രോ 5ജി അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 10 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 1,599 യുവാൻ (ഏകദേശം 18,200 രൂപ) ആണ് വില. അതുപോലെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 1,799 യുവാൻ (ഏകദേശം 20,500 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,999 യുവാൻ (ഏകദേശം 22,800 രൂപ) ആണ് വില എന്നാണ് സൂചന. വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻഎഫ്സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.
6.6 ഇഞ്ച് ഫുൾ എച്ച്ഡി + (2,400x1,080 പിക്സൽ) എൽസിഡി ഡിസ്പ്ലേ ആണ് ഒരുങ്ങുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 450 നിറ്റ്സ് ബ്രൈറ്റ്നസ്, ഡിസിഐ-പി 3 കളർ ഗാമറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം ഡിസ്പ്ലേയ്ക്കുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെഡ്മി നോട്ട് 10 പ്രോ 5ജി പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസസറും 256 ജിബി വരെ ഇൻബിൽറ്റ് മെമ്മറിയും സ്മാർട്ട്ഫോണിനുണ്ടെന്നാണ് റിപ്പോർട്ട്. റെഡ്മി നോട്ട് 10 പ്രോ 5ജിയിൽ ട്രിപ്പിൾ ക്യാമെറായാണ് ലഭിക്കുക. എഫ് / 1.79 അപ്പേർച്ചറും 120 ഡിഗ്രി ഫീൽഡ് വ്യൂവുമുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെക്കൻഡറി കാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസും ചേർന്ന ട്രിപ്പിൾ കാമറ ആണ് ഉള്ളത്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭിക്കും.






