
കഴിഞ്ഞ വർഷം ജൂണിലാണ് ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ആദ്യ വിലക്കുറവുള്ള സ്മാർട്ട്ഫോണായി നോർഡിനെ അവതരിപ്പിച്ചത്. ഇപ്പോൾ ഒരു വർഷത്തിനിപ്പുറം നോർഡ് ശ്രേണിയിൽ പുതിയ ഫോൺ കൂടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വൺപ്ലസ്. റിപ്പോർട്ട് പ്രകാരം ആഗോള വിപണയിൽ വൺപ്ലസ് നോർഡ് CE, വൺപ്ലസ് നോർഡ് N200 എന്നിങ്ങനെ രണ്ട് ഫോണുകളാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അടുത്ത മാസം 10ന് വൺപ്ലസ് നോർഡ് CE ഇന്ത്യൻ വിപണിയിൽ എത്തും എന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
കോർ എഡിഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് CE. വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോണുമായിരിക്കും വൺപ്ലസ് നോർഡ് CE എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ വിപണിയിലുള്ള നോർഡിന്റെ പരിഷ്കരിച്ച പതിപ്പ് നോർഡ് 2 എന്ന പേരിൽ വിപണിയിലെത്തും എന്നും സൂചനയുണ്ട്. വൺപ്ലസ് നോർഡ് 2ന് മീഡിയടെക് ഡിമെൻസിറ്റി 1200 SoC പ്രോസസ്സർ ആയിരിക്കും ലഭിക്കുക. നിലവിൽ വിപണിയിലുള്ള നോർഡും നോർഡ് 2വും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്.
റിപ്പോർട്ട് അനുസരിച്ച് 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ഡി+ (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയ്ക്ക് പകരം 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ലഭിച്ചേക്കും. കൂടുതൽ മികവുള്ള ബാറ്ററി, 48 മെഗാപിക്സൽ മെഗാപിക്സൽ സോണി IMX586 പ്രൈമറി സെൻസർ ക്യാമെറയ്ക്ക് പകരം 64 മെഗാപിക്സൽ കാമറ എന്നിവ വൺപ്ലസ് നോർഡ് 2ൽ ലഭിച്ചേക്കും.






