
റിയൽമി കഴിഞ്ഞ മാസം അവസാനം വില്പനക്കെത്തിച്ച X7 മാക്സ് 5ജി സ്മാർട്ട്ഫോണിന്റെ വില്പന ഇന്നാരംഭിക്കും. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന റിയൽമി X7 മാക്സ് 5ജിയ്ക്ക് യഥാക്രമം 26,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ് വില. റിപ്പോർട്ട് പ്രകാരം ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്സൈറ്റുകൾ മുഖേനയും ഓഫ്ലൈൻ സ്റ്റോറുകൾ വഴിയുമാണ് വില്പന തുടങ്ങുക.
വൺപ്ലസ് നോർഡ്, ഷഓമി എംഐ 11X എന്നീ സ്മാർട്ട്ഫോണുകളോടാണ് X7 മാക്സ് 5ജി സ്മാർട്ട്ഫോണിന്റെ മത്സരം. ആസ്റ്ററോയ്ഡ് ബ്ലാക്ക്, മെർക്കുറി സിൽവർ, മിൽകി വേ എന്നിങ്ങനെ 3 നിറങ്ങളിൽ X7 മാക്സ് 5ജി ലഭ്യമാണ്. റിയൽമി X7 മാക്സ് 5ജി അടുത്തിടെ കമ്പനി ചൈനയിൽ അവതരിപ്പിച്ച ജിടി നിയോ സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് പതിപ്പാണെന്നാണ് സൂചന.
6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് റിയൽമി X7 മാക്സ് 5ജിയ്ക്ക്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 91.7 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ എന്നിവയുണ്ട്. 20:9 ആസ്പെക്ട് റേഷ്യോ, 1,000 നിറ്റ്സ് പീക് ബ്രൈറ്റ്നസ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ് എന്നിവ ഈ ഡിസ്പ്ലേയ്ക്കുണ്ട്.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ARM G77 MC9 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 1200 SoC ആണ് പ്രോസസ്സർ. 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി X7 മാക്സ് 5ജിയിൽ.
50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ട്. ബോക്സിൽ 65W ചാർജർ ലഭിക്കും. റിയൽമി X7 മാക്സ് 5ജിയിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ (എഫ് / 1.8 ലെൻസ്) 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, (119 ഡിഗ്രി ഫീൽഡ് ഓഫ് വിഷൻ, എഫ് / 2.3 ലെൻസ്), എഫ് / 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുള്ള ട്രിപ്പിൾ ക്യാമെറയാണ് ലഭിക്കുന്നത്. മുൻവശത്ത് എഫ് / 2.5 ലെൻസുള്ള 16 മെഗാപിക്സൽ കാമറയാണ്.
ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഡ്യുവൽ മോഡ് 5ജി, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






