
ന്യൂഡൽഹി: ഡൽഹി ജി.ബി.പന്ത് ആശുപത്രിയിൽ
മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തി. മലയാളം സംസാരിക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു എന്നു കാണിച്ച് നഴ്സിങ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്.
എന്നാൽ, കാരണം ഇതല്ലെന്നും മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നു മലയാളി നഴ്സുമാർ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഒട്ടേറെ സ്ഥലങ്ങളിൽ നിന്നുള്ള ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയിൽതന്നെയാണ് സംസാരിക്കുന്നതെന്നും നഴ്സുമാർ ചൂണ്ടിക്കാട്ടി.
മാത്രമല്ല, രണ്ടു വർഷമായി കേരളത്തിൽനിന്നുള്ള നഴ്സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുള്ളൂവെന്നും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരിൽ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്സുമാർ പറഞ്ഞു. ഇനി മുതൽ ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് പുതിയ ഉത്തരവ്.






