
ആനക്കൊമ്പ് കൈവശംവെച്ച കേസിൽ ഹൈക്കോടതി അനുവദിച്ച പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നടൻ മോഹൻലാൽ. കൈവശമുള്ള ആനക്കൊമ്പുകളുടെയും ആനക്കൊമ്പ് ഉപയോഗിച്ച് നിർമിച്ച കരകൗശല വസ്തുക്കളുടെയും വിവരങ്ങളാണ് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (DFO) സമർപ്പിച്ചത്.
വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈവശംവെച്ചതുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്നവർ, അവയുടെ കണക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡനോ ബന്ധപ്പെട്ട വന ഉദ്യോഗസ്ഥനോ സമർപ്പിച്ചാൽ കേസിൽ നിന്ന് നിയമപരമായ ഇളവ് തേടാമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാൽ വിവരങ്ങൾ കൈമാറിയത്.
മോഹൻലാലിന്റെ കൈവശമുള്ള രണ്ട് ആനക്കൊമ്പുകളുടെയും 12 ആനക്കൊമ്പ് കരകൗശല വസ്തുക്കളുടെയും വിവരങ്ങളാണ് മലയാറ്റൂർ ഡിഎഫ്ഒയ്ക്ക് സമർപ്പിച്ചിരിക്കുന്നത്. രേഖകൾ പരിശോധിച്ച ശേഷം വനം വകുപ്പ് തുടർനടപടികൾ സ്വീകരിക്കും.
നടപടികൾ പൂർത്തിയായാൽ, ഈ കേസുമായി ബന്ധപ്പെട്ട നിലവിലെ നിയമനടപടികളിൽ നിന്ന് മോഹൻലാലിന് ഒഴിവാകാൻ സാധിക്കുമെന്നാണ് സൂചന.






