Authored by Web Desk | Last updated: 10 Jun 2021, 12:43 AM | 1 min read
വധശിക്ഷയില്‍നിന്ന് ഒഴിവായി ഇരിങ്ങാലക്കുട നടവരമ്പിലെ വീട്ടിലെത്തിയ ബെക്സ് കൃഷ്ണനെ കണ്ട് വിങ്ങിപ്പൊട്ടുന്ന അമ്മ ചന്ദ്രിക.
ഇരിങ്ങാലക്കുട: പുനര്‍ജന്മത്തിന്റെ ആനന്ദക്കണ്ണീരില്‍ ബെക്സ് കൃഷ്ണന് വീടണഞ്ഞു. അബുദബിയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ കാരുണ്യം ചൊരിഞ്ഞ ഇടപെടലിലൂടെ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ട ബെക്സ് കൃഷ്ണന് (45) ഇന്നലെ തൃശൂര്‍ നടവരമ്പിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നപ്പോള്‍ തോര്‍ന്നത് ആണ്ടുകള്‍ നീണ്ട ആധിയും കണ്ണീരും. ഒരുകോടിയോളം രൂപ നഷ്ടപരിഹാരമായി നല്‍കിയാണ് എം.എ. യൂസഫലി ബെക്സിന്റെ മോചനം സാധ്യമാക്കിയത്.
ചൊവ്വാഴ്ച രാത്രി 8.20ന് അബുദബിയില്‍നിന്നു പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട കണ്ണീര്പ്രാര്ഥനകള്ക്കൊടുവില് തിരിച്ചെത്തിയ ബെക്സിനെ കൂട്ടിക്കൊണ്ടുപോകാന്‍ ഭാര്യ വീണയും മകന് അദൈ്വതും വിമാനത്താവളത്തിലെത്തിയിരുന്നു.
ബെക്സ് കൃഷ്ണന് കുടുംബത്തോടൊപ്പം.
വര്‍ഷങ്ങള്‍ക്കുമുമ്പ് അബുദബി മുസഫയില്വച്ച് ബെക്സ് ഓടിച്ചിരുന്ന വാഹനം ഇടിച്ചു സുഡാന് ബാലന് മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു വധശിക്ഷ. സകല പ്രതീക്ഷകളും അസ്തമിച്ചു ജീവിതം അബുദബിയിലെ ജയിലില്‍ അവസാനിക്കുമെന്നുറപ്പിച്ച സമയത്തായിരുന്നുലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ബെക്സ് കൃഷ്ണന് രക്ഷകനായി എത്തിയത്. ബന്ധുവായ സേതു വഴിയാണ് ബെക്സിന്റെ മോചനത്തിന് ഇടപെടണമെന്ന് എം.എ. യൂസഫലിയോട് കുടുംബം അഭ്യര്‍ഥിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ സമ്മതിച്ചത്. നഷ്ടപരിഹാരമായി കോടതി അഞ്ചു ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി കഴിഞ്ഞ ജനുവരിയില്‍ തന്നെ അത് കോടതിയില്‍ കെട്ടിവച്ചിരുന്നു. അപകടശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ നടവരമ്പിലെ വീട്ടിലെത്തിയ ബെക്സ് മാതാപിതാക്കളേയും മറ്റ് കുടുംബാംഗങ്ങളേയും കണ്ട ശേഷം കാക്കാതിരുത്തിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.