
പുതിയ എംഐ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഷവോമി. ഇന്ത്യയിൽ ജൂൺ 22 ന് എംഐ 11 ലൈറ്റ് അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണിയിൽ ലൈറ്റ് എംഐ 11 സീരീസ് സ്മാർട്ട്ഫോൺ അവതരിപ്പിക്കുകയും ചെയ്യ്തു. റിപ്പോർട്ട് പ്രകാരം ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ്.
90 ഹെർട്സ് റിഫ്രഷ് റേറ്റും, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് എംഐ 11 ലൈറ്റിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,250 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്. 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കുന്നു. എംഐ 11 ഫോണിന് ഒരു ട്രിപ്പിൾ ക്യാമറ സംവിധാനമുണ്ട്. 64 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാവൈഡ് ലെൻസും ഉണ്ട്. 5 എംപി ടെലി-മാക്രോ ക്യാമറയും ലഭിക്കുന്നു. സെൽഫികൾക്കായി, ഉപയോക്താക്കൾക്ക് 16 എംപി മുൻ ക്യാമറയും ലഭിക്കും.
ബോബ ബ്ലാക്ക്, ബബിൾഗം ബ്ലൂ, പീച്ച് പിങ്ക് നിറങ്ങളിൽ ഫോൺ ലഭിച്ചേക്കും. 157 ഗ്രാം ഭാരം വരുന്ന ഈ ഹാൻഡ്സെറ്റിന് കനം 6.81 മില്ലിമീറ്റർ മാത്രമാണ്. ഇന്ത്യയിൽ എംഐ 11 ലൈറ്റ് ബേസിക് മോഡലിന് 20,000 രൂപ വില പ്രതീക്ഷിക്കാം. യൂറോപ്പിൽ 299 ഡോളർ (ഏകദേശം 25,600 രൂപ) വിലയിലാണ് കമ്പനി എംഐ 11 ലൈറ്റ് പുറത്തിറക്കിയതെന്നാണ് സൂചന.






