
ട്രയംഫ് ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചതായി റിപ്പോർട്ട്. 6.95 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വിലയുള്ള മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പുതിയ ട്രൈഡന്റ് 660 ട്രയംഫ് നിരയിലെ ഏറ്റവും താങ്ങാവുന്ന മോഡലാണ്. പൂര്‍ണമായും പുതിയ പ്ലാറ്റ്ഫോമിലാണ് മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചത്.
ട്രയംഫ് ട്രൈഡന്റ് 660 വരുന്നത് 16,000 കിലോമീറ്റര്‍ സര്‍വീസ് ഇടവേള, രണ്ടുവര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ മൈലേജ് വാറന്റി എന്നിവയോടെയാണ്. ട്രയംഫിന്റെ ട്രിപ്പിള്‍ സിലിണ്ടര്‍ എന്ജിന് ഉപയോഗിക്കുന്ന റോഡ്സ്റ്റര്‍ ബൈക്കുകളിലെ പുതിയ എന്‍ട്രി ലെവല്‍ മോഡലാണ് ട്രൈഡന്റ് 660. പുതിയ ട്രൈഡന്റ് 660 രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത് യുകെ ഹിങ്ക്ലിയിലെ ട്രയംഫ് ആസ്ഥാനത്തെ പ്രത്യേക സംഘമാണ്.
ട്രയംഫ് ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് 660 സിസി, ഇന്‍ലൈന്‍ 3 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് . ഈ എൻജിൻ 10,250 ആര്‍പിഎമ്മില്‍ 80 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്സ് ജോഡിയാകുന്നു. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് ലഭിക്കുന്നു. വൃത്താകൃതിയുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, വീര്‍ത്തതുപോലെ ഇന്ധന ടാങ്ക് എന്നിവ ലഭിച്ചു. ഇന്ധന ടാങ്കില്‍ ഡുവല്‍ ടോണ്‍ ഫിനിഷ് നല്‍കിയത് ഭംഗി വര്‍ധിപ്പിക്കുന്ന ഘടകമാണ്. മുന്നില്‍ 41 എംഎം ‘ഷോവ’ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ‘ഷോവ’ മോണോഷോക്കും സസ്പെന്ഷന് നിര്‍വഹിക്കും.






