
ബ്രാന്‍ഡഡ് ആയ സാധനങ്ങള്‍ക്ക് എപ്പോഴും വില വളരെ കൂടുതലായിരിക്കും. മകള്‍ വാങ്ങിയ ബ്രാന്‍ഡഡ് ആഡംബര ബെല്‍റ്റിന്റെ വില കേട്ട് അമ്പരക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്്. ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ 35,000 രൂപ വില വരുന്ന ബെല്‍റ്റാണ് മകള്‍ വാങ്ങിയത്. ഈ ബെല്‍റ്റ് കണ്ടാണ് അമ്മ അദ്ഭുതപ്പെടുന്നത്.
ചാബി ഗുപ്ത എന്ന പെണ്‍കുട്ടിയാണ് ഗൂച്ചിയുടെ 35,000 രൂപ വില വരുന്ന ബെല്‍റ്റ് വാങ്ങിയത്. അമ്മയായ അനിത ഗുപ്തയ്ക്ക് ചാബി ഈ ബെല്‍റ്റ് കാണിച്ചു കൊടുക്കുകയാണ്. ചുവപ്പും പച്ചയും നിറങ്ങളിലുള്ള ഗൂച്ചിയുടെ ലോഗോയുള്ള ബെല്‍റ്റായിരുന്നു ഇത്. ബെല്‍റ്റ് പെട്ടിയില്‍ നിന്നും എടുത്ത് നോക്കിയ ശേഷം ഇത് ഡല്‍ഹി പബ്ലിക് സ്കൂളിന്റെ ബെല്റ്റല്ലേ ? എത്രയായി എന്നായിരുന്നു അമ്മ അനിത ഗുപ്തയുടെ ചോദ്യം. 35,000 എന്ന് ചാബി മറുപടി നല്‍കിയതോടെ ആകെ ആശയക്കുഴപ്പത്തിലായി അനിത ഗുപ്ത.
'ഈ ബെല്‍റ്റിന് 35000 രൂപയോ ? എന്താണിതിന് ഇത്ര പ്രത്യേകത ? ഇതിലെന്താണ് GG എന്നെഴുതിയിരിക്കുന്നത് ? ഇത് നിനക്ക് 150 രൂപയ്ക്ക് മറ്റെവിടെ നിന്നെങ്കിലും കിട്ടുമായിരുന്നു. നിനക്കാകെ അറിയുക പണം പാഴാക്കാനാണ്' - എന്നിങ്ങനെ മകളെ വഴക്ക് പറഞ്ഞു കൊണ്ടുള്ള അമ്മയുടെ സംസാരമാണ് പിന്നീട് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. അമ്മ വഴക്ക് പറയുന്നത് കേട്ട് ചാബി ചിരിയ്ക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. തങ്ങളുടെ വീട്ടിലും നടക്കുന്നത് ഇതൊക്കെ തന്നെയാണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത്.






