രണ്ടാം തലമുറ ബിഎംഡബ്ല്യു എസ് 1000 ആര് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം സ്റ്റാന്‍ഡേഡ്, പ്രോ, പ്രോ എം സ്പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ നേക്കഡ് റോഡ്സ്റ്റര്‍ ലഭിക്കും. യഥാക്രമം 17.9 ലക്ഷം രൂപയും 19.75 ലക്ഷം രൂപയും 22.50 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ്, ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4 എന്നിവയാണ് ഇന്ത്യയിലെ എതിരാളികള്‍. എല്ലാ വേരിയന്റുകളുടെയും ബുക്കിംഗ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ സ്വീകരിച്ചുതുടങ്ങി.
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഫ്ളാഗ്ഷിപ്പ് നേക്കഡ് സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളായ എസ് 1000 ആര് ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ആര്‍ആര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ എന്ജിന്, ഫ്രെയിം, സ്വിംഗ്ആം എന്നിവ എസ് 1000 ആര് ഉപയോഗിക്കുന്നു. 2021 ബിഎംഡബ്ല്യു എസ് 1000 ആര് പൂര്‍ണമായും പുതിയ ഡിസൈനിലാണ് വരുന്നത്. ഏറ്റവും വലിയ മാറ്റം പുതിയ ഹെഡ്ലൈറ്റാണ്.
എഫ് 900 ആര്, ജി 310 ആര് ഉള്‍പ്പെടെയുള്ള മറ്റ് ബിഎംഡബ്ല്യു നേക്കഡ് മോട്ടോര്‍സൈക്കിളുകളിലെ പോലെ തിരശ്ചീനമായി ഡേടൈം റണ്ണിംഗ് ലൈറ്റ് എസ് 1000 ആറിന് നല്കി. പുതിയ ബോഡി പാനലുകള്‍ മോട്ടോര്‍സൈക്കിളിന് കൂടുതല്‍ ജനറിക് ലുക്ക് നൽകുന്നു. 999 സിസി, ഇന്‍ ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് 2021 ബിഎംഡബ്ല്യു എസ് 1000 ആര് തുടര്‍ന്നും ഉപയോഗിക്കുന്നത്. ഈ എൻജിൻ ഇപ്പോള്‍ 11,000 ആര്‍പിഎമ്മില്‍ 162 ബിഎച്ച്പി കരുത്തും 9,250 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും പരമാവധി നിർമിക്കും. 3,000 ആര്‍പിഎമ്മില്‍ 80 എന്‍എം ടോര്‍ക്ക് ലഭിക്കുമെന്ന് ബിഎംഡബ്ല്യു പറയുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററില്‍ കൂടുതലാണ് ടോപ് സ്പീഡ്.






