Authored by Web Desk | Last updated: 16 Jun 2021, 6:11 PM | 2 min read
ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചെന്നിരിക്കും. അതിനാല്‍ രോഗിക്കു കൃത്യമായ പരിചരണം ആവശ്യമാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയത്തു രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കുന്ന സ്ത്രീകളില്‍ പ്രസവസമയത്തു സങ്കീര്‍ണതകളുണ്ടാകും
ഗര്‍ഭകാലത്തെ പ്രമേഹം മൂലവും പ്രമേഹരോഗി ഗര്‍ഭിണിയാകുമ്പോഴും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചെന്നിരിക്കും. അതിനാല്‍ രോഗിക്കു കൃത്യമായ പരിചരണം ആവശ്യമാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയത്തു രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കുന്ന സ്ത്രീകളില്‍ പ്രസവസമയത്തു സങ്കീര്‍ണതകളുണ്ടാകും. ഇത്തരക്കാരില്‍ ശസ്ത്രക്രിയ വേണ്ടിവരുന്നു.
ഗര്‍ഭകാലത്തു മാത്രം കണ്ടുവരുന്ന പ്രമേഹം തുടര്‍ന്നുള്ള കാലങ്ങളില്‍ നിലനില്‍ക്കുന്നതല്ല. ഗര്‍ഭകാലത്ത് ഇന്‍സുലിന്‍ കൂടുതലായി വേണ്ടിവരുന്നു. ഇത് ഉല്പാദിപ്പിക്കാന് പാന്‍ക്രിയാസ് ഗ്രന്ഥിക്കു കഴിയാതെ വരുമ്പോഴാണു ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടാകുന്നത്. ഇത്തരക്കാര്‍ക്കു വളരെ നാളുകള്‍ക്കു ശേഷം പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്കിടയ്ക്കു പരിശോധന നടത്തുന്നതു നല്ലതാണ്.
പരിശോധന വേണം
പ്രമേഹമില്ലാത്തവരും ഗര്‍ഭധാരണത്തിനു മുമ്പു രക്തം പരിശോധിച്ചു പ്രമേഹം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഗര്‍ഭസ്ഥ ശിശുവില്‍ ആദ്യ ആറ് ആഴ്ചകളില്‍ പ്രധാന അവയവങ്ങളുടെ രൂപീകരണം നടക്കുന്നു. ഈ സമയം പ്രമേഹം അധികരിക്കുന്നതു കുഞ്ഞിനു ദോഷം ചെയ്യും.
ഗര്‍ഭസമയത്ത് ആവശ്യത്തിന് ഇന്‍സുലിന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിലൂടെ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കും. ഇതു ഗര്‍ഭിണിക്കും ശിശുവിനും അപകടകരമായ കിറ്റോ അസിഡോസിനു കാരണമാകുന്നു. പമേഹ രോഗികളായ സ്ത്രീകള്‍ ഗര്‍ഭിണികളാകുമ്പോള്‍ ഗുളികകള്‍ക്കു പകരം ഇന്‍സുലിനാണ് ഉപയോഗിക്കേണ്ടത്.
കുത്തിവയ്ക്കേണ്ട ഇസുലിന്റെ അളവു വര്‍ധിപ്പിക്കേണ്ടതായും വരുന്നു. പ്രസവത്തിനു ശേഷം ഇവര്‍ക്കു ഗുളികയിലേക്കു തന്നെ തിരിച്ചുവരാം. പ്രമേഹമുള്ള സ്ത്രീകള്‍ക്കു മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പനി, മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.
മറ്റു ഗര്ഭിണികളെപ്പോലെ തന്നെ പ്രമേഹരോഗികള്‍ക്കും ശരിയായ അളവില്‍ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണം ആവശ്യമാണ്. ഗര്‍ഭകാലത്തു തൂക്കത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളെ കാണിക്കുന്നു. ഗര്‍ഭിണികള്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതു കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ ക്രമപ്പെടുത്താന്‍ സഹായിക്കും.
ശരിയായ ഭക്ഷണക്രമം പാലിക്കാത്തവര്ക്കുണ്ടാകുന്ന കുട്ടികളില്‍ തൂക്കക്കുറവു കണ്ടുവരുന്നു. ആഴ്ചയിലൊരിക്കല്‍ തൂക്കം നോക്കുന്നുതും നന്നായിരിക്കും.
മധുരം അധികം അടങ്ങിയതും ധാരാളം കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണം കഴിവതും ഒഴിവാക്കുക. പച്ചക്കറികളും തവിടു കളയാത്ത ധാന്യങ്ങളും ധാരാളം ഉപയോഗിക്കുക, മൂത്രം ധാരാളം ശ്രവിപ്പിക്കുന്നതും മേദസ് വര്ധിപ്പിക്കാത്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക.
ഇന്‍സുലിന്‍ ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ എടുക്കുക. തൊലി കളയാത്ത പയറിനങ്ങള്‍, പാല്, മത്സ്യം, മുട്ട, കോഴിയിറച്ചി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ജീവകങ്ങളും ധാധുലവണങ്ങളും പ്രത്യേകിച്ച് കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്ന സമയം ദീര്‍ഘിപ്പിക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ഗര്‍ഭിണികളില്‍ കണ്ടുവരുന്ന മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.
വ്യായാമം
പ്രമേഹരോഗി ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിശ്ചിത ക്രമത്തില്‍ ദിവസവും വ്യായാമമെടുക്കുന്നതു നല്ലതാണ്. ശരീരപേശികള്‍ക്കു പഞ്ചസാര ശരിയായി ഉപയോഗപ്പെടുത്താനും രക്തചംക്രമണം വര്‍ധിപ്പിക്കുവാനും വ്യായാമം ഉപകരിക്കുന്നു.
ലഘു വ്യായാമങ്ങള്‍ ഗര്ഭിണിക്കള്ക്ക് ഉന്മേഷം നല്‍കുന്നതോടൊപ്പം സുഖ പ്രസവം സാധ്യമാക്കുകയും ചെയ്യും. ദിവസവും ചെറിയ തോതില്‍ നടത്തം ശീലമാക്കുന്നതു നല്ലതാണ്. സ്വന്തമായി വ്യായാമം ആരംഭിക്കുന്നതിനു മുമ്പു ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് ഉത്തമം.