
ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ ഏറ്റവും പുതിയ എസ്യുവി കുഷാക്ക് ഈ മാസം 28ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം മൂലമുണ്ടായ അനിശ്ചിതത്വത്തിൽ അയവ് വന്നതോടെ സ്കോഡ കുഷാക്ക് അവതരിപ്പിക്കാനുള്ള നടപടി ആരംഭിക്കുന്നത്. കുഷാഖ് ഇന്ത്യയ്ക്കായി ഫോക്സ്വാഗൺ ഗ്രൂപ്പ് പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റഫോമിൽ നിർമ്മിച്ച ആദ്യ വാഹനമാണ്. മിഡ്സൈസ് എസ്യുവി സെഗ്മെന്റിലെ പ്രധാനികളായ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവരായിരിക്കും എതിരാളികൾ.
സ്കോഡ കുഷാഖിന്റെ മൊത്തത്തിലുള്ള ഗ്രൗണ്ട് ക്ലിയറൻസ് 188 mm ആണ്, വീൽബേസ് 2651 mm ആണ്. അതിന്റെ എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് 190 mm ഗ്രൗണ്ട് ക്ലിയറൻസും 2,610 mm വീൽബേസും ലഭിക്കുന്നു. 4,221 മില്ലീമീറ്റർ നീളവും 1,760 മില്ലീമീറ്റർ വീതിയും 1,612 മില്ലീമീറ്റർ ഉയരവുമാണ് സ്കോഡ കുഷാഖിന്റെ അളവുകൾ. കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, കാർബൺ സ്റ്റീൽ, ഹണി ഓറഞ്ച്, ടൊർണാഡോ റെഡ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ എസ്യുവി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ജനുവരിയിലാണ് സ്കോഡ പുതിയ എസ്യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. ആദ്യം തീരുമാനിച്ചിരുന്നത് കോസ്മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ്, എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് സ്കോഡ തീരുമാനിച്ചു. സംസ്കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം, അർഥം രാജാവ്, ചക്രവർത്തി എന്നൊക്കെ. സ്കോഡ കാറുകളുടെ മുഖമുദ്രയായ ക്രോം ടച്ചുകളോടുകൂടിയ കൂടിയ ബട്ടർഫ്ളൈ ഗ്രിൽ, രണ്ടായി ഭാഗിച്ച പ്രോജക്റ്റർ ഹെഡ്ലാംപ്, സ്കിഡ് പ്ളേറ്റുകൾ ചേർന്ന സ്പോർട്ടി മുൻ,പിൻ ബമ്പറുകൾ, പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ ലഭിച്ചേക്കും.
ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് സ്കോഡ കുഷാഖ് വില്പനക്കെത്തുക. 13 ബിഎച്ച്പി പവർ നിർമ്മിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാന്വൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനൊപ്പം ലഭിക്കും. 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിൻ 147 ബിഎച്ച്പി പവർ നിർമിക്കുന്നു. ഇത് 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കും.






