
ന്യൂഡല്‍ഹി: രണ്ടായിരത്തോളം സന്യാസിമാര്‍ക്ക് കോവിഡ് ബാധിച്ച കുംഭമേളയില്‍ ആളുകള്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കിയ ലാബുകള്‍ക്ക് എതിരേ കേസ്. ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് നടന്ന കുംഭമേളയില്‍ മരണമടഞ്ഞ സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ദാസ് അടക്കം അനേകര്‍ക്കാണ് കോവിഡ് ബാധിച്ചത്.
കേസെടുക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത് ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തോടാണ്. കോവിഡ് പരിശോധന നടത്താനുള്ള ചുമതല 22 ലബോറട്ടറികള്‍ക്കായിരുന്നു നല്‍കിയിരുന്നത്. ഇവര്‍ അനേകം വ്യാജ നെഗറ്റീവ് ആയ അനേകം പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി എന്നും കണ്ടെത്തി. പ്രതിദിനം 50,000 പരിശോധനകള്‍ നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കുന്നതിനാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.
സംഭവം വിവാദമായതോടെ ആര്.ടി.പി.സി.ആര് പരിശോധന നടത്തിയതിന് നല്‍കാനുള്ള പണം തല്ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ ഡല്‍ഹിയിലെയും ഹരിയാനയിലെയും ലാബുകളെ പ്രതിചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ 30 വരെ നീണ്ടുനിന്ന കുംഭ മേളയ്ക്ക് എത്തിയ ആളുകളെ ഹരിദ്വാറില്‍ 5 ഇടങ്ങളിലായാണ് പരിശോധിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നെങ്കിലും ആര്‍ക്കെതിരേയും കേസെടുത്തിരുന്നില്ല.
13 സന്യാസി വിഭാഗങ്ങളാണ് കുംഭമേളയില്‍ പങ്കെടുത്തത്. രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിച്ച സമയത്ത് കുംഭ മേള നടത്താനുള്ള തീരുമാനത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നെങ്കിലും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതിനെ അവഗണിച്ച് മുമ്പോട്ട് പോകുകയായിരുന്നു. കുംഭ മേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് കണക്കുകള്‍ പറയുന്നത്. ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കുംഭ മേള പ്രതീകാത്മകമായി ചുരുക്കാന്‍ പ്രധാനമന്ത്രിയടക്കം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിനിടെ കുംഭ മേള നടത്താന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.






