
ന്യുഡല്‍ഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലായി കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ 41 കേസുകള്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളിലാണ് ഡെല്‍റ്റ പ്ലസ് (B.1.617.2) എത്തിയത്.
ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം 21 കേസുകള്‍ സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം, കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ ഓരോന്നുവീതവുമാണ് കേസുകള്‍.
കോവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനം കുറഞ്ഞുവരുന്നതിനിടെയാണ് ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വളരെ കുറഞ്ഞ എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും ആ മേഖലകളില്‍ ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ട സ്ഥിതിയാണ്.
ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞ മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ രത്നഗിരി, ജാല്‍ഗണ്‍, കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട, മധ്യപ്രദേശിലെ ഭോപ്പാല, ശിവപുരി എന്നിവിടങ്ങളിലാണ് ഡെല്‍റ്റ പ്ലസ് സാന്നിധ്യം ആദ്യമെത്തിയത്.
യു.എസ്, യു.കെ, പോര്‍ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്, പോളണ്ട്, റഷ്യ, ചൈന എന്നിവിടങ്ങളിലും ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതീവ ഗുരുതരവും അതിവേഗം വ്യാപിക്കുന്നതുമായ ഡെല്‍റ്റ പ്ലസ് 80 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് കണക്ക്.






