
വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ കാളിദാസ്. വളരെ വേദനയോടെയാണ് താരം ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’
വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുടെ പെൺകുട്ടികളെ കൈപിടിച്ച് ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.
വിസ്മയയുടെ സുഹൃത്ത് അരുണിമയുടെ വാക്കുകൾ: രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേ കോളജിൽ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശയ്ക്ക്.....,അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്...എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും ഷെയർ ചെയുന്നു.... പോസ്റ്റ് വൈറൽ ആവുന്നു....., കാളി ഇത് കാണുന്നു.... എന്നെ കോൾ ചെയുന്നു....., ഞങ്ങൾ സെൽഫി എടുക്കുന്നു.... അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലവ് ലൈറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോൾ.... അവൾ കുറെ ചിരിച്ചു.






