
പ്രായമൊന്നും തനിക്കൊരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ചെന്നൈ സ്വദേശിയായ 83-കാരി മുത്തശ്ശി കിരണ്‍ ബായ്. 25 കിലോഗ്രാം തൂക്കമുള്ള ഡെഡ്ലിഫ്റ്റുകളാണ് മുത്തശ്ശി നടത്തുന്നത്. മുത്തശ്ശിയുടെ ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. മുത്തശ്ശിയുടെ കൊച്ചുമകനാണ് ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒരു അപകടത്തിന്റെ തുടര്‍ച്ചയായാണ് മുത്തശ്ശി ഈ മേഖലയില്‍ സജീവമായത്.
കായികപരമായ മേഖലയില്‍ പണ്ട് മുതലേ ഒരു താരമായിരുന്നു കിരണ്‍ മുത്തശ്ശി. കുട്ടിക്കാലത്ത്, ഖോ ഖോ, കബഡി തുടങ്ങിയ കായിക ഇനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം, ഒരു അപകടത്തില്‍ കിരണ്‍ ബായിയുടെ കണങ്കാലിന് പരിക്ക് പറ്റി. തന്റെ പ്രായം കൊണ്ടു തന്നെ വീണ്ടും നടക്കാന്‍ തനിക്ക് സാധിക്കുമോയെന്ന വിഷമത്തിലായിരുന്നു മുത്തശ്ശി. ഇതോടെ മുത്തശ്ശിയുടെ സഹായത്തിന് കൊച്ചുമകന് എത്തി. തുടര്‍ന്ന് വീട്ടിലെ ഒരു മുറിയില്‍ ഒരു ജിം നിര്‍മ്മിച്ച് മുത്തശ്ശിയെ വേഗം പൂര്‍വസ്ഥിതിയില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം കൊച്ചുമകനായ ചിരാഗ് ചോര്‍ഡിയ ഏറ്റെടുത്തു.
പിന്നീട് ചെറിയ ചെറിയ വര്‍ക്കൗട്ടുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കൊച്ചുമകനോടൊപ്പം തന്നെ താല്‍ക്കാലിക ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ തുടങ്ങി. തന്റെ 83-ാം ജന്മദിനത്തില്, സാരിയും ധരിച്ച് 25 കിലോഗ്രാം തൂക്കമുള്ള 'ഡെഡ്ലിഫ്റ്റുകള്‍' നടത്തുന്ന മുത്തശ്ശിയുടെ വീഡിയോ ചിരാഗ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ സ്ഥിരമായി മുത്തശ്ശി വെയ്റ്റ് ലിഫ്റ്റിങ് നടത്തുന്നുണ്ട്. ഈ പ്രായമൊക്കെ ഒരു സംഖ്യ മാത്രമല്ലേയെന്നും ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഈ കിരണ്‍ മുത്തശ്ശി പറയുന്നത്.






