
അടുത്ത മാസം ഓഡി ഇ-ട്രോൺ ഇലക്ട്രിക്ക് എസ്യുവി ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒകോട്ബ്റിൽ എത്തിയ മെഴ്സിഡസ് ബെൻസിന്റെ ഇക്യൂസി ഇലക്ട്രിക് എസ്യുവിയും ജാഗ്വർ ഈ വർഷം അവതരിപ്പിച്ച ഐ-പെയ്സുമായിരിക്കും പ്രധാന എതിരാളികൾ.
ഇ-ട്രോൺ ഇലക്ട്രിക്ക് എസ്യുവിയുടെ ലോഞ്ച് സ്ഥിരീകരിച്ചത് ഓഡി ഇന്ത്യ തന്നെയാണ്. അടുത്ത മാസം 22നായിരിക്കും വാഹനം അവതരിപ്പിക്കുക.ഓഡി ഡീലർഷിപ്പുകൾ 10 ലക്ഷം രൂപയ്ക്ക് അനൗദ്യോഗികമായി ബുക്കിങ് ആരംഭിച്ചതായാണ് റിപ്പോർട്ട്. ഓഡി ഇ-ട്രോൺ എസ്യുവി ബോഡി സ്റ്റൈലിലും സ്പോർട്ട്ബാക്ക് ബോഡി ശൈലിയിലും ഇന്ത്യയിലെത്തും.
ഓഡി ഇ-ട്രോണിന്റെ സവിശേഷതകളിൽ ഓഡി കാറുകളുടെ മുഖമുദ്രയായ സിംഗിൾ-പീസ് ഗ്രിൽ, വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, മാട്രിക്സ്-എൽഇഡി ഹെഡ്ലാംപുകൾ, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു. ബമ്പറുകൾക്ക് ഡ്യുവൽ ടോൺ ഓപ്ഷൻ നൽകി. ഇത് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു. ബ്ലാക്ക്, ബ്ലാക്ക്/ബ്രൗൺ, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയർ കളർ ഓപ്ഷനുകളിൽ ഇ-ട്രോൺ വാങ്ങാം.
ഔഡിയുടെ A6, A8L, Q8 വാഹനങ്ങൾക്ക് സമാനമായ ഇന്റീരിയർ ആണ് ലഭിക്കുന്നത്. 10.1-ഇഞ്ച് എംഎംഐ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകൾ. പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഇ-ട്രോണിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് പകരുന്ന 95 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഒരുങ്ങുന്നത്. മുൻവശത്തെ ഇലക്ട്രിക് മോട്ടോർ 125 കിലോവാട്ട് യൂണിറ്റും പിന്നിലെ ഇലക്ട്രിക് മോട്ടോർ 140 കിലോവാട്ട് യൂണിറ്റുമാണ് നിർമ്മിക്കുക. ഇ-ട്രോണിൻ്റെ ഔട്പുട്ട് 408 എച്ച്പി പവറും 664 എൻഎം ടോർക്കുമാണ്.






