
ലക്നൗ: യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് പദവി പിടിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. സ്വതന്ത്രന്മാരുടേയും വിമതരുടെയും പിന്തുണയില്‍ 75 ജില്ലാ പഞ്ചായത്തുകളില്‍ 60 ലെയും പദവികളാണ് നോട്ടമിട്ടിരിക്കുന്നത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ബിജെപി എംപിമാരുടേയും എംഎല്‍എ മാരുടേയും ഒത്താശക്കാരും ഓഫീസ് ജീവനക്കാരുമെല്ലാമുണ്ട്. ഇന്ന് രാവിലെ 11 മണിമുതല്‍ വൈകിട്ട് 3 മണി വരെയാണ് ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ പദവിക്കായി നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടത്.
ജൂലൈ 3 ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണിവരെയാണ് തെരഞ്ഞെടുപ്പ്. ഇതിന് ശേഷം വോട്ടെണ്ണല്‍ നടക്കും. ഏപ്രിലില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 3030 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 900 ഇടത്ത് ജയിക്കാനേ ബിജെപിയ്ക്ക് കഴിഞ്ഞുള്ളൂ. 1000 സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടി ജയിക്കുകയും ബിഎസ്പി 300 സീറ്റുകളിലും കോണ്‍ഗ്രസും എഎപിയും 70 സീറ്റുകളിലും വിജയം നേടി.
ഒരു വര്‍ഷം അകലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതിനെ ഗൗരവമായിട്ടാണ് ഡല്‍ഹിയിലെ ബിജെപി നേതൃത്വം വിലയിരുത്തപ്പെടുന്നത്. തുടര്‍ഭരണം തേടുന്ന യോഗി ആദിത്യനാഥ് ഈ ജനവിധിയെ ആശങ്കയോടെയാണ് കാണുന്നത്. കോവിഡ് പ്രതിരോധം ആകെ പാളിപ്പോയ ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണത്തിന് ജനവിധി എതിരാകുന്നത് മുന്നില്‍ കണ്ട് ഒട്ടേറെ പദ്ധതികളാണ് തയ്യാറാക്കുന്നത്.






