
ഓൺലൈൻ ടാക്സി സേവന രംഗത്തെ പ്രമുഖ ബ്രാൻഡായ ഒല ഈ വർഷം മാർച്ചിൽ ആണ് തങ്ങളുടെ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ടീസർ ചിത്രം പുറത്ത് വിട്ടിരുന്നത്. മാത്രമല്ല ഈ വർഷം പകുതിയോടെ സ്കൂട്ടറിന്റെ അവതരണവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ അവതരണത്തിന് ഒരുങ്ങുകയാണ് ഒല എന്ന് കമ്പനിയുടെ ചെയർമാനും, ഗ്രൂപ്പ് സിഇഓയുമായ ഭവിഷ് അഗർവാളും സൂചന നൽകുന്നു. ഏതൊക്കെ നിറം ഒല സ്കൂട്ടറുകൾക്ക് വേണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നും ഏതായാലും കറുപ്പ് നിറം ഉറപ്പിച്ചിട്ടുണ്ട് എന്നും അഗർവാൾ ട്വീറ്റ് ചെയ്തു. കൂടാതെ, സ്കൂട്ടിന്റെ ഏകദേശ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റെർഗോയുടെ ആപ്പ്സ്കൂട്ടറിന് സമാനമാണ് എന്ന് ചിത്രം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഏറ്റെർഗോയെ ഏറ്റെടുത്തകൊണ്ടാണ് ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് ഒല കാലെടുത്ത് വച്ചത്. ഓലയുടെ സ്കൂട്ടർ നിയോ-റെട്രോ സ്റ്റൈലിംഗ് ഭാഷ്യമുള്ള എറ്റെർഗോ ആപ്സ്കൂട്ടറിന് ഏറെക്കുറെ സമാനമാണ്. അലോയ് വീലുകൾ, ഡിആർഎൽ ചേർന്ന എൽഇഡി ഹെഡ്ലാമ്പ്, ബോഡി പാനലുകൾ, റാപ് എറൗണ്ട് ടെയിൽലൈറ്റ് ക്ലസ്റ്റർ എന്നിവആകർഷകമാണ്. ടെലിസ്കോപ്പിക് ഫോർക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, ഫൈബർ പാനലുകൾ എന്നീ പ്രീമിയം ഫീച്ചറുകളും ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിൽ നൽകും.






