
ശാസ്താംകോട്ട : നിലമേൽ സ്വദേശിനി വിസ്മയയുടെ മരണത്തിലെ ദുരൂഹത നീക്കാനാവാതെ അന്വേഷണ സംഘം. വിസ്മയയെ ഭർത്താവ് എസ്. കിരൺകുമാർ വീട്ടിലും പുറത്തും വച്ച് പല തവണ മർദിച്ചിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു.
രാത്രിയിൽ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരൺ മർദിച്ചതായും മർദനമേറ്റ് അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോർ തുറന്നു പുറത്തേക്ക് ചാടി ഹോംഗാർഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതേ ദിവസം കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകളും കിരൺ അടിച്ചു തകർത്തിരുന്നു.
ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ കിരണുമായി അന്വേഷണസംഘം വിസ്മയ ഓടിക്കയറിയ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെ ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 3 ദിവസത്തേക്കാണ് കിരണിനെ കസ്റ്റഡിയിൽ വിട്ടത്. കിരണിന്റെ അടുത്ത സുഹൃത്തുക്കളായ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും. സുഹൃത്തുക്കളുടെ പരിഹാസം കിരണിനെ പ്രകോപിപ്പിച്ചതായും പോലീസ് സംശയിക്കുന്നു.






