വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കോഡ കുഷാഖ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിഡ് സൈസ് എസ്യുവി സെഗ്മെന്റിലെ പ്രധാന താരങ്ങളായ ഹ്യുണ്ടേയ് ക്രെറ്റയെയും കിയ സെൽറ്റോസുമായിരിക്കും എതിരാളികൾ. പുതിയ കോംപാക്റ്റ് എസ്യുവിയുടെ എക്സ് ഷോറൂം വില 10.50 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ്. 2020 ഫെബ്രുവരിയിൽ നടന്ന ഫോക്സ്വാഗൺ ഗ്രൂപ്പ് നൈറ്റിൽ സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കോൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ് കുഷാഖ്.
കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങള്‍ കൂടാതെ ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ് എന്നീ കളര്‍ ഓപ്ഷനുകളിലും ലഭിക്കും. ആക്റ്റീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. ഉടമയായ ഫോക്സ്വാഗൺ ഗ്രൂപ്പും സ്കോഡയും ചേർന്ന് ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റഫോമിൽ നിർമ്മിച്ച ആദ്യ വാഹനമാണ് കുഷാഖ്. ഏകദേശം 95 ശതമാനം തദ്ദേശീയ ഉള്ളടക്കത്തോടെയാണ് സ്കോഡ കുഷാഖ് നിര്‍മിച്ചിരിക്കുന്നത്. സ്കോഡ കുശാക്ക് കോംപാക്റ്റ് എസ്യുവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4225 എംഎം, 1760 എംഎം, 1612 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് 2651 മില്ലിമീറ്ററാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് 188 എംഎം. 385 ലിറ്ററാണ് ബൂട്ട് ശേഷി.
1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്ഐ, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്ഐ എന്നീ രണ്ട് പെട്രോള്‍ എന്ജിന് ഓപ്ഷനുകളിലാണ് സ്കോഡ കുഷാഖ് എത്തുന്നത്. 113 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും പരമാവധി ആദ്യത്തെ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് രണ്ടാമത്തെ എന്ജിന് പരമാവധി പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍, ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് 1.0 ലിറ്റര്‍ ടിഎസ്ഐ എന്‍ജിന്റെ ട്രാന്സ്മിഷന് ഓപ്ഷനുകള്‍.1.5 ലിറ്റര്‍ ടിഎസ്ഐ എന്ജിന് 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചതാണ്.
അഞ്ച് യാത്രക്കാര്‍ക്കും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ്, ഇരട്ട എയര്‍ബാഗുകള്‍, ഇഎസ്സി, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്ട്രോള്, ഓട്ടോ ഹെഡ്ലാംപുകള്, ഓട്ടോ വൈപ്പറുകള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഓപ്ഷണല്‍ സുരക്ഷാ സംവിധാനങ്ങളാണ്.






