ഈ വർഷം മാർച്ചിൽ ചൈനീസ് ടെക് ഭീമനായ ഷഓമി അവതരിപ്പിച്ച റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് റെഡ്മി നോട്ട് 10T എന്ന പുതിയ മോഡലും എത്തി. റിപ്പോർട്ട് പ്രകാരം മാർച്ചിൽ ആഗോളവിപണിയിൽ എത്തിയ റെഡ്മി നോട്ട് 10 5ജിയാണ് പേരുമാറ്റി റെഡ്മി നോട്ട് 10T ആയി റഷ്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, റെഡ്മി നോട്ട് 10Tയെ ഷഓമി ഇന്ത്യയിൽ അവതരിപ്പിച്ചേക്കില്ലെന്നാണ് സൂചന.
ഷഓമി കീഴിൽ പ്രവർത്തിക്കുന്ന പോക്കോ ബ്രാൻഡ് അടുത്തിടെ ഇത്തരത്തിൽ റെഡ്മി നോട്ട് 10 5ജി റീബ്രാൻഡ് ചെയ്ത് ഇന്ത്യൻ വിപണിയിലെത്തിച്ച സ്മാർട്ട്ഫോൺ ആണ് M3 പ്രോ 5ജി . അതുകൊണ്ട് തന്നെ റെഡ്മി നോട്ട് 10T ഇന്ത്യയിലെത്താനുള്ള സാദ്ധ്യത കുറവാണ്. എന്നാൽ, ചില റിപോർട്ടുകൾ അനുസരിച്ച് റെഡ്മി നോട്ട് 10 5ജി അതെ പേരിൽ ഭാവിയിൽ ഇന്ത്യയിലെത്താനും സാദ്ധ്യതയുണ്ട്.
ബ്ലൂ, ഗ്രീൻ, ഗ്രേ, സിൽവർ നിറങ്ങളിൽ റെഡ്മി നോട്ട് 10T വാങ്ങാം. മാലി-G57 MC2 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഫോണിന്റെ കരുത്ത്. 6.50 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10Tന്. 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, 90Hz റിഫ്രഷ് റേറ്റും ഡൈനാമിക്സ്വിച്ച് എന്നിവ ഡിസ്പ്ലേയ്ക്ക് നൽകി. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററി ആണ് ഫോണിൽ പാക്ക് ചെയ്തിരിക്കുന്നത്. ബോക്സിൽ 22.5W ചാർജർ ലഭിക്കും. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമെറയാണ് ഫോണിൽ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ നൽകി. 5ജി, ഡ്യുവൽ-ബാൻഡ് 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






