
2021 സുസുകി ഹയബൂസ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ പുനരാരംഭിച്ചു. ഇന്ത്യയില്‍ ഏറ്റവും ജനപ്രീതി നേടിയതും ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതുമായ സൂപ്പര്‍ബൈക്കാണ് ഹയബൂസ. ആദ്യ ഘട്ടത്തില്‍ മൂന്നാം തലമുറ മോഡലിന്റെ 101 യൂണിറ്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയിൽ എത്തുക. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഇത്രയും ബൈക്കുകള്‍ വിറ്റുപോയിരുന്നു. ഇതോടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാൽ, ഇപ്പോള്‍ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ് സുസുകി ഇന്ത്യ.
ഓണ്‍ലൈനിലും സുസുകി ഡീലര്‍ഷിപ്പുകളിലും ഒരു ലക്ഷം രൂപ നല്കി ഇപ്പോള്‍ പുതിയ ഹയബൂസ ബുക്ക് ചെയ്യാമെന്നാണ് റിപ്പോർട്ട്. 16.45 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. അടുത്ത മാസം രണ്ടാം ബാച്ച് മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്യും. പുതിയ മോട്ടോര്‍സൈക്കിളിനായി മുന്‍ഗാമി ഉപയോഗിച്ചിരുന്ന 1,340 സിസി, 4 സിലിണ്ടര്‍ എന്ജിന് പരിഷ്കരിച്ചിരുന്നു. കരുത്തും ടോര്‍ക്കും ഇതോടെ കുറഞ്ഞു. ഇപ്പോള്‍ 190 എച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. മുമ്പ് 197 എച്ച്പി പുറപ്പെടുവിച്ചിരുന്നു. ടോര്‍ക്കും അല്‍പ്പം കുറഞ്ഞു. എന്ജിന് പരിഷ്കരിച്ചപ്പോഴും ടോര്‍ക്ക് ഡെലിവറി മുമ്പത്തേക്കാള്‍ ശക്തമാണെന്ന് സുസുകി അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ, ഇപ്പോള്‍ വരുന്നത് എക്കാലത്തെയും ഏറ്റവും വേഗമേറിയ ഹയബൂസയാണ്.
മുന്‍ഗാമിയുടേതിന് സമാനമായ വീല്‍ബേസ് (1,480 എംഎം) ലഭിച്ചു. കര്‍ബ് വെയ്റ്റ് രണ്ട് കിലോഗ്രാം കുറഞ്ഞു. ഇപ്പോള്‍ 264 കിലോഗ്രാം. ട്വിന്‍ സ്പാര്‍ അലുമിനിയം ഫ്രെയിം തുടരുന്നു. പുതിയ ബൂസ ഉപയോഗിക്കുന്നത് ആന്തരികമായ മാറ്റങ്ങളോടെയുള്ള ഷോവ ഫോര്‍ക്കുകളാണ്. ഏറ്റവും വലുതും അത്യാവശ്യവുമായിരുന്ന പരിഷ്കാരം നടന്നത് ബ്രേക്കിംഗ് വിഭാഗത്തിലാണ്. ബ്രിഡ്ജ്സ്റ്റോണ് ബാറ്റ്ലക്സ് എസ്22 ടയറുകള്‍ ലഭിക്കും. പുതിയ 6 ആക്സിസ് ഐഎംയു, 10 ലെവല്‍ ട്രാക്ഷന്‍ കണ്ട്രോള്, 10 ലെവല്‍ ആന്റി വീലി കണ്ട്രോള്, 3 ലെവല്‍ എന്ജിന് ബ്രേക്ക് കണ്ട്രോള്, ക്രൂസ് കണ്ട്രോള്, കോര്‍ണറിംഗ് എബിഎസ്, മൂന്ന് പവര്‍ മോഡുകള്‍, ലോഞ്ച് കണ്ട്രോള്, ഹിള് ഹോള്‍ഡ് കണ്ട്രോള് എന്നിവ സവിശേഷതകളാണ്.






