ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് എസ്.യു.വി. ഔഡി ഇട്രോണ്‍, ഔഡി ഇട്രോണ്‍ സ്പോര്ട്ബാക് എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. ജൂലായ് 22-ന് വാഹനം വിപണിയിലെത്തും. അഞ്ച് ലക്ഷം രൂപ നല്കി രണ്ട് മോഡലുകളും audi.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഡീലര്‍ഷിപ്പുകള്‍ വഴിയോ ബുക്ക് ചെയ്യാം. ഔഡി ഇ ട്രോണ്‍ ഇന്ത്യയില്‍ വളരെ നേരത്തെ വരേണ്ട ആഡംബര ഇലക്ട്രിക് കാറായിരുന്നു, എന്നാൽ, കൊവിഡ് 19 മഹാമാരി കാരണംവരവ് വൈകി.
പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ് രണ്ട് വകഭേദങ്ങളും എന്നാണ് സൂചന. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം മാട്രിക്സ്, വലിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍, എല്‍ഇഡി ഹെഡ്ലാംപുകള് എന്നിവ ലഭിച്ചു. സാധാരണ റൂഫ്ലൈന്‍ ആണ് സ്റ്റാന്‍ഡേഡ് മോഡലിന് നല്‍കിയത് എന്നാൽ, സ്പോര്‍ട്ട്ബാക്ക് വകഭേദത്തിന് കൂപ്പെ സമാനമായ റൂഫ്ലൈന്‍ ലഭിച്ചു. പിറകിലെ റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ചു.
ബംപറിന് ഡുവല്‍ ടോണ്‍ ട്രീറ്റ്മെന്റ് ലഭിക്കുന്നു. അലോയ് വീല്‍ ഡിസൈനിലും ഈ ഡുവല്‍ ടോണ്‍ ട്രീറ്റ്മെന്റ് കാണാം. 10.1 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, 4 സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ സവിശേഷതകളാണ്. ഔഡി ഇ ട്രോണ്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. ആകെ 265 കിലോവാട്ട് അഥവാ 355 ബിഎച്ച്പി കരുത്തും 561 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഇത് ബൂസ്റ്റ് മോഡില്‍ 300 കിലോവാട്ട് (408 ബിഎച്ച്പി), 664 എന്‍എം എന്നിങ്ങനെ വര്‍ധിക്കും.






