
നറുക്കെടുപ്പിലൂടെ ഭാഗ്യം കൈയ്യിലെത്തിയിട്ടും അത് അനുഭവിയ്ക്കാന്‍ യോഗമില്ലാത്ത അവസ്ഥയിലാണ് ഇംഗ്ലണ്ടിലെ ബാത് നഗരത്തില്‍ ജീവിക്കുന്ന വോര്ഡന് കുടുംബം. ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത് രണ്ടര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 25 കോടിയുടെ വീടാണ്. എന്നാല്‍ ഈ വീട്ടില്‍ താമസിക്കാനും ഉപേക്ഷിയ്ക്കാനും വയ്യാത്ത ധര്‍മ്മ സങ്കടത്തിലാണ് ഇദ്ദേഹം. ഒമേസ് എന്ന കമ്പനി നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെയാണ് വോര്ഡന് വീട് സമ്മാനമായി ലഭിച്ചത്.
ഓക്സ്ഫോര്‍ഡ്ഷയറിലെ റാഡ്ഫോര്ഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കം പ്രമുഖരുടെ വീടുകള്‍ ഇവിടെയുണ്ട്. ഇത്രയൊക്കെ പ്രത്യേകതകള്‍ ഉണ്ടെങ്കിലും മഴക്കാലമായാല്‍ വീട് വെള്ളത്തിലാകും എന്ന പ്രശ്നമാണ് വോര്‍ഡനെ കാത്തിരുന്നത്. എല്ലാ വര്‍ഷവും മഴക്കാലം എത്തുമ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന മലഞ്ചരിവിലാണ് വീടുള്ളത്. എന്നാല്‍ വെള്ളപ്പൊക്ക പ്രശ്നം അറിയാതെയാണ് ഒമേസ് കമ്പനി സമ്മാനം നല്‍കാനായി വീട് സ്വന്തമാക്കിയത്.
വെള്ളപ്പൊക്കം മാത്രമല്ല ഈ വീടിന്റെ പ്രശ്നം, വീടിന് ചുറ്റുമുള്ള ഗാര്ഡന് ഇപ്പോഴും കൃഷിഭൂമി എന്ന രീതിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സ്ഥലം ഗാര്‍ഡനായി ഉപയോഗിക്കണമെങ്കില്‍ പ്രത്യേക പ്ലാനിങ് അനുമതിക്കായി അപേക്ഷിക്കണം. വീടിന്റെ നിര്‍മാതാക്കള്‍ ചില അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇപ്പോഴും വെള്ളക്കെട്ടിന്റെ പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ ശേഷം വെള്ളപ്പൊക്കത്തിനുള്ള സാധ്യത കുറവാണെന്നാണ് ഒമേസ് കമ്പനി പറയുന്നത്. വീട് ഉപേക്ഷിക്കാനോ വീട്ടില്‍ കയറി താമസിയ്ക്കാനോ സാധിയ്ക്കാത്ത ആശയക്കുഴപ്പത്തിലാണ് വോര്ഡന് കുടുംബം.






