
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് വ്യവസായി ഡൊണാള്‍ഡ് ട്രംപിന്റെ വിജയ വാര്‍ത്ത ലോകത്തുടനീളം അപ്രതീക്ഷിതമായ വികാരം ഉളവാക്കുമ്പോള്‍ അതിന്റെ പ്രതിഫലനം ഇന്റര്‍നെറ്റിലും. ട്വിറ്ററിലും ഫേസ്ബുക്കിലും ട്രംപിന്റെ വിജയത്തില്‍ പുതിയ പുതിയ ട്രോളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് വിരുതന്മാര്.
സ്വന്തം രാജ്യത്തിന് 'റെസ്റ്റ് ഇന്‍ പീസ്' ആശംസിച്ചാണ് ചിലര്‍ വാര്‍ത്തയോട് പ്രതികരിച്ചത്. അമേരിക്കയുടെ മരണം കുറിച്ച ശവക്കല്ലറയുടെ ചിത്രം നല്കിയ ശേഷം ആദരാജ്ഞലികളും അര്പ്പിച്ചിട്ടുണ്ട്്. 'ആര്‍ഐപി യുഎസ്എ' എന്ന ഹാഷ്ടാഗ് ഏറ്റെടുത്ത് ആയിരങ്ങളാണ് ട്രംപിന്റെ വിജയത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. എന്നാല്‍ അമേരിക്കയില്‍ പുതിയ ചരിത്രം പിറന്നെന്ന് ഏവരും സമ്മതിക്കുന്നു.
മെലാനിയ ട്രംപിനെ മിഷേല്‍ ഒബാമയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പലരും നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. മുഖം പൊത്തിക്കരയുന്ന 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി' യുടെ ചിത്രമാണ് ഒരാള്‍ നലകിയത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നതിനെ കണ്ണിന് മുന്നിലൂടെ ലോകം ഇടിഞ്ഞു വീഴുന്നു എന്നാണ് അമേരിക്കയിലെ ഫ്രഞ്ച് അംബാസഡര്‍ കുറിച്ചത്.
ബ്രക്സിറ്റിന് പിന്നാലെ ഈ തെരഞ്ഞെടുപ്പ് ഫലം കൂടിയായതോടെ ലോകത്ത് എന്തും നടക്കുമെന്ന് ഉറപ്പായെന്ന് ജറാഡ് അറൗദ് പറഞ്ഞു. ട്രംപ് നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് പരിചയസമ്പന്നരായ ഒരു കൂട്ടം ജോലിക്കാരെ വെക്കേണ്ടി വരുമെന്ന് പറഞ്ഞു. പിന്നീട് അറൗദ് ട്വീറ്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു.
9/11 ആക്രമണത്തിന് ശേഷം ആഗോളവിപണികളില്‍ ഏറ്റവും വലിയ ഇടിവാണ് ട്രംപിന്റെ വിജയത്തിന് തൊട്ടുപിന്നാലെയുണ്ടായത്. അതേസമയം വോട്ടെടുപ്പ് 20 ശതമാനം പൂര്‍ത്തിയായപ്പോള്‍ തന്നെ ട്രംപിന്റെ വിജയം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ വിജയം അംഗീകരിച്ച ഹിലരി ക്ളിന്റണ് തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുകയും ചെയ്തു.






